Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

Published by

കേരള ചരിത്രത്തെ വ്യാഖ്യാനിച്ചും കേരള രാഷ്‌ട്രീയ ചരിത്രത്തെ വളച്ചൊടിച്ചും ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയ ശ്രമങ്ങളെ തുറന്നെതിര്‍ത്തതില്‍ ഡോ.എം.ജി.എസ്. നാരായണനും ഉണ്ടായിരുന്നു. തന്റെ അളവറ്റ സ്വത്ത് പാര്‍ട്ടിക്ക് ദാനം നല്‍കിയെന്നായിരുന്നു ഇഎംഎസ്സിന്റെ ഒരു അവകാശവാദം. എന്നാല്‍ അത് കളവാണെന്ന് എംജിഎസ് തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. ആകെ പതിനായിരം ഉറുപ്പികയാണ് ഇഎംഎസ് പാര്‍ട്ടിക്ക് നല്‍കിയതെന്നും ബാക്കിയുള്ളതിനൊന്നും ഒരു തുമ്പുമില്ലെന്നും അദ്ദേഹം 2019 ഫെബ്രുവരിയില്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ഇഎംഎസ്സും അദ്ദേഹത്തിന്റെ അനുയായികളും ദീര്‍ഘകാലമായി നടത്തിയ പ്രചാരണത്തിന്റെ മുനയൊടിയുകയായിരുന്നു അതോടെ.

ഇത് തെളിയിക്കുന്ന കോടതി രേഖകളടക്കമുള്ള തെളിവുകള്‍ തനിക്കെത്തിച്ചു തന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം രചിച്ച പ്രമുഖ ചരിത്രഗവേഷകന്‍ ഡോ.ഇ. ബാലകൃഷ്ണനാണെന്ന് എംജിഎസ് അഭിമുഖത്തില്‍ വ്യക്തമാക്കി അക്കാദമിക് സത്യസന്ധതയും കാണിച്ച് മാതൃകയായി.

ഇഎംഎസ്സിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രൊഫ. മുണ്ടശ്ശേരി മംഗളോദയത്തിലെഴുതിയ ലേഖനത്തിന്
മറുപടിയായി പിഎസ് എന്ന തൂലികാനാമത്തില്‍ ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിലാണ് ഇഎംഎസ് തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. എന്നാല്‍ പിഎസ് എന്ന തൂലികാനാമത്തില്‍ ദേശാഭിമാനിയിലും ചിന്തയിലും ലേഖനങ്ങളും കത്തുകളും എഴുതിയിരുന്നത് ഇഎംഎസ് തന്നെയായിരുന്നു എന്ന് അദ്ദേഹം തന്നെ അബദ്ധത്തില്‍ ഒരിക്കല്‍ വെളിപ്പെടുത്തിയ കാര്യവും എംജിഎസ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഇഎംഎസ് ഈ വിവരം തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നും അതിനാല്‍ അവര്‍ക്ക് സ്വത്തുക്കളൊന്നും നഷ്ടപ്പെട്ടില്ലെന്നും എംജിഎസ് അഭിമുഖത്തില്‍ പറഞ്ഞു. കമ്മ്യൂണിസറ്റ് നേതാക്കളെ ഏറെ സഹായിച്ച പരപ്പനങ്ങാടിയിലെ മുസ്‌ലീം ജന്മികുടുംബമായ കോയക്കുട്ടി നഹയുടെ തറവാടിനും തനിക്ക് അടുപ്പമുള്ള ചിറമംഗലത്ത് മനയടക്കമുള്ള ഒട്ടുമിക്ക ജന്മി നമ്പൂതിരി തറവാടുകള്‍ക്കും ഇഎംഎസ് ഭൂപരിഷ്‌കരണ നിയമത്തെ കുറിച്ച് നേരത്തെ വിവരം നല്‍കി അവരെ നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് എന്ന് തെളിവുകള്‍ നിരത്തി എംജിഎസ് വിവരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by