അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കാരണക്കാരന്‍ എം.ജി.എസ് നാരായണനാണ്. അക്കാര്യം എനിക്ക് നേരിട്ടനുഭവമുള്ള കാര്യമാണ്. ഇടത് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അദ്ധ്യക്ഷനായിരുന്ന കാലത്ത് എംജിഎസ് അതിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു. ഇടത് ചരിത്രകാരന്മാര്‍ ഒറ്റക്കെട്ടായി അയോധ്യ ശ്രീരാമജന്മഭൂമിയാണെന്നതിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഐസിഎച്ചാറിലുണ്ടായിരുന്നത് എം.ജി.എസ്. ഫോട്ടോ കോപ്പിയെടുത്തു വച്ചു. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ എന്നോട് ഇക്കാര്യം പറയുകയും ഇത് സംഘടനാ നേതൃത്വത്തിലുള്ളവര്‍ക്ക് കൈമാറണമെന്നും പറഞ്ഞു. പരമേശ്വര്‍ജി, ഒ. രാജഗോപാല്‍, മുരളീമനോഹര്‍ ജോഷി എന്നിവരുമായി ഈ തെളിവുകള്‍ പങ്കുവയ്‌ക്കാന്‍ ഇടയായത് അങ്ങനെയാണ്. പരമേശ്വര്‍ജിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിരവധി തവണ പരമേശ്വര്‍ജിയും എം.ജി.എസ്സും തമ്മില്‍ ദീര്‍ഘനേരത്തെ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ചിലതെല്ലാം എന്റെ വീട്ടില്‍ വച്ചായിരുന്നു.
എന്റെ അടുത്ത ബന്ധുകൂടിയായിരുന്നു എം.ജി.എസ്. അദ്ദേഹത്തിന്റെ അമ്മാവനും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ഗംഗാധരന്‍ വിവാഹം ചെയ്തത് എന്റെ സഹോദരിയെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാന്‍ എനിക്ക് സാധിച്ചു. ചരിത്രകാരന്‍ എന്നതിലുപരി, നല്ലൊരു കവിയും സാഹിത്യാസ്വാദകനും ചിത്രകാരനും കലാനിരൂപകനുമൊക്കെയായിരുന്നു എം.ജി.എസ്. ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ അദ്ധ്യാപകനായി ചേരുന്നത്. രാഷ്‌ട്രീയ വിമര്‍ശകന്‍ എന്ന നിലയില്‍ സ്വതന്ത്രചിന്താഗതി പുലര്‍ത്തി. ആദ്യകാലത്ത് അമ്മാവനായ എം. ഗംഗാധരനും എം.ജി.എസ്സുമെല്ലാം കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. എന്നാല്‍ പിന്നീട് എം.ജി.എസ്. കമ്മ്യൂണിസത്തിന്റെ വിമര്‍ശകനായി മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഏറെ വിവാദമായി. താന്‍ കണ്ടെത്തിയ സത്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഒരിക്കലും ഒരു ഭരണകൂടത്തോടും ഒട്ടിനില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇടതിനെയും വലതിനെയും ഒരുപോലെ വിമര്‍ശിച്ചു. അതുകൊണ്ടാവാം അക്കാദമിക രംഗത്തെ അതികായനായിട്ടും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറായി അദ്ദേഹം നിയമിക്കപ്പെടാതെ പോയത്.
ഞാന്‍ ഭാരവാഹിയായ തോടയം കഥകളി യോഗത്തിന്റെ രക്ഷാധികാരിയായിരുന്നു. സെന്റര്‍ ഫോര്‍ മോഹിനിയാട്ടത്തിന്റെ പ്രവര്‍ത്തനത്തിലും സജീവമായി സഹകരിച്ചു. ക്ലാസ്സിക്കല്‍ കലകളില്‍ അഗാധജ്ഞാനമുണ്ടായിരുന്ന അദ്ദേഹം അത്തരം വേദികളില്‍ നടത്താറുണ്ടായിരുന്ന പ്രഭാഷണങ്ങള്‍ വിലപ്പെട്ടതായിരുന്നു. നാലഞ്ച് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: