തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മുതിർന്ന ചരിത്രകാരന്മാരിൽ പ്രധാനിയായ ഡോ.എം ജി.എസ്. നാരായണന്റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെത്തി.
ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദേശീയ-അന്തർദേശീയതലങ്ങളിൽ അറിയപ്പെടുന്ന ചരിത്രകാരനും ബുദ്ധിജീവിയുമായിരുന്നെന്നും പെരുമാൾസ് ഓഫ് കേരള അടക്കമുള്ള ആഴവും സമകാലികപ്രസക്തിയുള്ളതുമായ ഗവേഷണഗ്രന്ഥങ്ങളുടെ പേരിൽ എംജിഎസ് എക്കാലവും ചരിത്രപഠനമേഖലയിൽ സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തോട് വിമർശാത്മക സമീപനം പുലർത്തുമ്പോഴും അതുമായി ബന്ധപ്പെട്ട് അതിരൂക്ഷമായ അഭിപ്രായഭിന്നതകൾ തുടർന്നപ്പോളും, മിത്തുകളെ ചരിത്രമായി സ്ഥാപിക്കാനുള്ള ഹിന്ദുത്വയത്നങ്ങളെ തുറന്നുകാട്ടുന്നതിലെ അദ്ദേഹത്തിന്റെ സ്ഥിതപ്രജ്ഞത എക്കാലവും ബഹുമാനാർഹമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലളിതമായ ജീവിതവും നിതാന്തമായ ചരിത്രാന്വേഷണ ത്വരയും യുവ ഗവേഷകരോട് പുലർത്തിയ സൗഭ്രാത്രവും എന്നും മാതൃകാപരമായിരുന്നെന്നും മന്ത്രി ഡോ:ആർ.ബിന്ദു അനുശോചനകുറിപ്പിൽ പങ്ക് വെച്ചു.
ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടമായ ഡോ.എം ജി.എസ്. നാരായണന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി ആർ.ബിന്ദു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: