തിരുവനന്തപുരം:സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കാനത്തിന്റെ മകനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍, കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചിരുന്നില്ല.
എന്നാല്‍ അസൗകര്യം ഉളളതിനാലാണ് കാനത്തിന്റെ കുടുംബാംഗങ്ങള്‍ വരാത്തതെന്നാണ് നേതാക്കള്‍ ചോദ്യത്തോട് പ്രതികരിച്ചത്. ഇത് കാനത്തിന്റെ മകന്‍ നിഷേധിച്ചത് ചര്‍ച്ചയായതോടെയാണ് മാപ്പു പറഞ്ഞുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചത്.
















