Kerala

പി എം ആവാസ് യോജന അട്ടിമറിക്കാന്‍ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ്

Published by

കണ്ണൂര്‍: സംസ്ഥാനത്ത് പി എം ആവാസ് യോജന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കത്തെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൈഫ് പദ്ധതിയില്‍ നിന്നുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പി എം ആവാസ് യോജന നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. സിപിഎം തയാറാക്കുന്ന പട്ടികയില്‍ നിന്നും വീട് നല്‍കുന്ന ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെ പി എം ആവാസ് യോജനയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ്. അതിനാല്‍ തന്നെ ലൈഫ് പോലെയുള്ള ഏകപക്ഷീയ പദ്ധതികള്‍ പി എം ആവാസുമായി ബന്ധിപ്പിച്ചാല്‍ പാവപെട്ടവര്‍ക്കും അര്‍ഹതയുള്ളവര്‍ക്കും വീട് ലഭിക്കാത്ത അവസ്ഥയുണ്ടാവും- ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ബിജെപി വികസിത കേരളം കണ്‍വന്‍ഷന്‍ കണ്ണൂരിലും തലശേരിയിലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ കെ വിനോദ് കുമാര്‍, കണ്ണൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ ബിജു എളക്കുഴി എന്നിവര്‍ കണ്‍വന്‍ഷനുകളില്‍ അധ്യക്ഷരായി.

മുതിര്‍ന്ന ബിജെപി നേതാക്കളായ സി കെ പദ്മനാഭന്‍, പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി,എം ടി രമേശ്, എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പയ്യാമ്പലം ബീച്ചില്‍ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി അധ്യക്ഷന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ അടക്കമുള്ള ബലിദാനി കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by