കശ്മീര്‍: ഇനി ജാഗ്രത വിടാന്‍ കഴിയില്ല എന്ന പാഠമാണ് പഹല്‍ഗാമിലെ തീവ്രവാദആക്രമണം പഠിപ്പിക്കുന്നത്. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു കുറച്ചുനാളായി കശ്മീര്‍. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും കശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി വന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. 2024ല്‍ മാത്രം പഹല്‍ഗാം സന്ദര്‍ശിച്ചത് രണ്ട് കോടി 30 ലക്ഷം പേരാണ്. കശ്മീരില്‍ ഭീകരര്‍ എവിടെ എന്ന് പോലും ജനം ചിന്തിച്ച് തുടങ്ങുന്നതിനിടയിലാണ് അവരുടെ ഉറക്കം കെടുത്തുന്ന ആക്രമണം ഉണ്ടായത്.
പഹല്‍ഗാമിലൂടെ കടന്നു പോകുന്ന ലിഡ്ഡാര്‍ നദിയുടെ തീരങ്ങളിലൂള്ള ഹോട്ടലുകളും ലോഡ്ജുകളും എല്ലാം ഇപ്പോള്‍ അടച്ചിരിക്കുന്നു. “ഇന്നലെ വരെ എനിക്ക് ആരെങ്കിലുമായി സംസാരിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. അത്രയ്‌ക്ക് തിരക്കിലായിരുന്നു. പക്ഷെ ഇന്ന് ഒരാള്‍ പോലുമില്ല.”- ഒരു ഹോട്ടലുടമയായ 45 കാരനായ മുഷ്താഖ് അഹമ്മദ് പറയുന്നു. “ഈ വര്‍ഷം മുഴുവന്‍ ഹോട്ടല്‍ മുറികള്‍ മുഴുവന്‍ ബൂക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്ത മാസവും 20 മുറികളും ബുക്ക് ചെയ്തിരുന്നത്. എല്ലാം മാറി.” -മറ്റൊരു ഹോട്ടല്‍ ഉടമയായ കശ്മീരി മുസ്ലിമായ അര്‍ഷാദ് അഹമ്മദ് പറയുന്നു. പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ ടൂറിസ്റ്റുകളെ കൊണ്ടുപാകന്‍ പോണി കുതിരകളെ ഓടിക്കുന്നവരും അധികവും കശ്മീരി മുസ്ലിങ്ങളാണ്. ഈ യുവാക്കളും മോദി സര്‍ക്കാരിന്റെ കീഴില്‍ ടൂറിസം ഉണര്‍ന്നതോടെ ധാരാളമായി വരുമാനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. അതെ ബിസിനസിലൂടെ ധാരാളമായി സമ്പാദിക്കാന്‍ തുടങ്ങിയ കശ്മീരിലെ മുസ്ലിം യുവാക്കള്‍ തീവ്രവാദം മറന്നുതുടങ്ങുകയായിരുന്നു. അവരുടെ മനസ്സില്‍ ആണ് വീണ്ടും ഈ തീവ്രവാദി സംഘം തീ കോരിയിട്ടത്. പഹല്‍ഗാം ഇപ്പോള്‍ ശ്മശാനമൂകം. ഗുലാം നബി വാനിയെപ്പോലെയുള്ള ടാക്സി ഡ്രൈവര്‍മാരും ധാരാളമായി സമ്പാദിച്ചുതുടങ്ങിയിരുന്നു. ദിവസേന 2500 രൂപ വരെ അവര്‍ക്ക് കിട്ടിയിരുന്നു. അത്രത്തോളം പ്രാദേശിക ജനതയുമായി കൈകോര്‍ത്താണ് മോദി സര്‍ക്കാര്‍ നീങ്ങിയിരുന്നത്. അവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കശ്മീരിന്റെ വികസനം. അതായിരുന്നു മോദിയുടെ ലക്ഷ്യം. പഹല്‍ഗാമില്‍ മാത്രം 500ല്‍ പരം ഹോട്ടലുകളുണ്ട്. ടൂറിസ്റ്റുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കശ്മീരികളുടെ ഹോട്ടലുകള്‍. ഇപ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കപ്പെടുന്നത് ഇവര്‍ക്ക് സങ്കടത്തോടെ നോക്കിക്കാണുന്നു. അതുകൊണ്ടാണ് പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിനെതിരെ വന്‍തോതില്‍ ലോക്കല്‍ കശ്മീരികള്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിഷേധിച്ചത്. പഴയ പട്ടാളച്ചിട്ടയിലേക്ക് മടങ്ങാന്‍ അവരും ആഗ്രഹിക്കുന്നില്ല. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ മനോവിചാരങ്ങളെ അത്രയ്‌ക്ക് മാറ്റിയെടുത്തിരുന്നു. അതിനെയാണ് തീവ്രവാദികള്‍ മുറിവേല്‍പിച്ചത്.
ഹിന്ദുവാണോ എന്ന് ചോദിച്ചാണ് ഈ പട്ടാളവേഷത്തില്‍ എത്തിയവര്‍ ടൂറിസ്റ്റുകളെ വെടിവെച്ചത്. ഇത്രയും കാലമായി ഇവര്‍ ടൂറിസ്റ്റുകളെ ആക്രമിക്കാറില്ല. ഇപ്പോള്‍ പഹല്‍ഗാമിലെ ആക്രമണത്തില്‍ ഈ അലിഖിത നിയമം കാറ്റില്‍ പറത്തിയിരിക്കുന്നു. ഇതിനര്‍ത്ഥം ഈ തീവ്രവാദികള്‍ക്ക് കൃത്യമായ രഹസ്യഅജണ്ട ഉണ്ട് എന്നാണ്. കശ്മീരില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ തീവ്രവാദഗ്രൂപ്പായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ് ) ആണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബയുടെ ഉപശാഖയാണ് ഈ സംഘടന. മിക്കവാറും പാകിസ്ഥാന്റെ അജണ്ട തന്നെയായിരിക്കണം ഈ തീവ്രവാദികള്‍ നടപ്പിലാക്കിയത്. കശ്മീരിലെ മുസ്ലിമിനെ വീണ്ടും പിശാചാക്കി മാറ്റാന്‍ ശ്രമിക്കുന്ന തീവ്രവാദത്തിന്റെ ക്രൂരമായ അജണ്ട.
കശ്മീര്‍ മോദി സര്‍ക്കാരിന് കീഴില്‍ പുതിയൊരു ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. കശ്മീരില്‍ ഇപ്പോഴുള്ള 90 ശതമാനം മുസ്ലിങ്ങളില്‍ നല്ലൊരുവിഭാഗം മോദി സര്‍ക്കാര്‍ കാണിച്ചുകൊടുത്ത പ്രകാശം നിറഞ്ഞ വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ വികസനം വരുന്നു. പുതിയ മെച്ചപ്പെട്ട റോഡുകളും പുത്തന്‍ റെയില്‍ റൂട്ടുകളിലൂടെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുന്നു. ബിസിനസുകള്‍ കടന്നു വരുന്നു. ലോക്കല്‍ മുസ്ലിം യുവാക്കള്‍ നല്ല രീതിയില്‍ ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നു. ഷിക്കാര ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കശ്മീരി മുസ്ലിം യുവാക്കള്‍ക്ക് നല്ല ബിസിനസാണ് ലഭിക്കുന്നത്. ഒരു ദിവസം അവര്‍ 3000-4000 രൂപ വരെ കിട്ടുന്ന ദിവസങ്ങളാണ് ഇപ്പോഴുണ്ടായിരുന്നത്. സാധാരണ യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നു. ഇതോടെ സൈന്യത്തെ കല്ലെറിഞ്ഞിരുന്ന മുസ്ലിം യുവാക്കള്‍ തന്നെ അത് നിര്‍ത്തി പുതിയ ജീവിതം ആസ്വദിച്ചുതുടങ്ങുകയായിരുന്നു. അതിനിടയിലാണ് മുസ്ലിങ്ങളുടെ മനസ്സില്‍ വീണ്ടും വിഭജനത്തിന്റെ മുള്ളുകള്‍ നിറയ്‌ക്കുന്ന ഈ തീവ്രവാദആക്രമണം.
അതിജാഗ്രതയോടെയുള്ള പട്ടാള റോന്തുചുറ്റല്‍ മിക്ക സ്ഥലങ്ങളിലും അല്‍പാല്‍പമായി കുറച്ചുകൊണ്ട് വരികയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 85000 പേര്‍ക്ക് കശ്മീരിന്റെ മണ്ണിനെ സ്വദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കൂടുതല്‍ പേര്‍ കശ്മീരിനെ സ്വദേശമാക്കാന്‍ അപേക്ഷകള്‍ നല‍്കി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഈ ആക്രമണം. പിന്നില്‍ പ്രാദേശികകരങ്ങള്‍ ഉണ്ടെന്ന് വ്യക്തം. കിഴ്ഞ്ഞ കുറെക്കാലമായി കശ്മീരിനെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ത്ത ചില കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശ്മീരിന് മേലുള്ള നിയന്ത്രണം അവര്‍ക്ക് ദഹിക്കുന്നതല്ല.
പക്ഷെ കഴിഞ്ഞ കാലങ്ങളിലേതുപോലെയല്ല ഈ തീവ്രവാദ ആക്രമണത്തിന് നേരെയുണ്ടായ ഇപ്പോഴത്തെ പ്രതികരണം. എല്ലാ രാഷ്‌ട്രീയപാര്‍ടികളും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പമാണ്. സിനിമാ-സാംസ്കാരികമേഖലയിലെ എല്ലാവരും ഈ തീവ്രവാദ ആക്രമണത്തിന് എതിരെ പ്രതകരിച്ചു. സര്‍ക്കാര്‍ കടുത്ത നടപടിയുടെ ഭാഗമായി പാകിസ്ഥാന്റെ ചില മേഖലകളിലേക്കുള്ള ജലവിതരണം നിര്‍ത്താന്‍ സിന്ധുനദി ജലക്കരാര്‍ റദ്ദാക്കിയിരിക്കുന്നു.
തീവ്രവാദികളെ അരിച്ചുപെറുക്കുകയാണ് കശ്മീരിലെങ്ങും. പക്ഷെ പ്രാദേശിക സഹായം ഉള്ളതിനാല്‍ എളുപ്പത്തില്‍ പിടികിട്ടാന്‍ പ്രയാസമാണ്. എന്തായാലും കൂടുതല്‍ ജാഗ്രതയോടെ നീങ്ങണം എന്ന സന്ദേശം തന്നെയാണ് പഹല്‍ഗാം നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: