Kerala

ഗഗന്‍യാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വര്‍ഷം: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ഡോ. വി നാരായണന്‍

ഗുരുത്വാകര്‍ഷണമില്ലാത്ത അന്തരീക്ഷത്തില്‍ മനുഷ്യന് സംഭവിക്കുന്ന ജൈവപരവും ശാരീരികവും മാനസികവുമായുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും അതിനെ തരണം ചെയ്യുവാനും സജ്ജമാവുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്

Published by

ബംഗളുരു : ഗഗന്‍യാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വര്‍ഷം നടത്തുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ . ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള മൂന്ന് മനുഷ്യരഹിത ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ഈ വര്‍ഷം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിക്ക് ധാരണാപത്രം കൈമാറിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തില്‍ കരാര്‍ നിര്‍ണായക നാഴികക്കല്ലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വാകര്‍ഷണമില്ലാത്ത അന്തരീക്ഷത്തില്‍ മനുഷ്യന് സംഭവിക്കുന്ന ജൈവപരവും ശാരീരികവും മാനസികവുമായുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും അതിനെ തരണം ചെയ്യുവാനും സജ്ജമാവുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടു പോയി സുരക്ഷിതരായി തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ പ്രോഗ്രാം, ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്‌പേസ് സ്റ്റേഷന്‍, ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ചാന്ദ്രദൗത്യം തുടങ്ങി ഇന്ത്യയുടെ പദ്ധതികളിലെല്ലാം കരാര്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹ്യൂമന്‍ ഫിസിയോളജിക്കല്‍ സ്റ്റഡീസ്, ബിഹേവിയല്‍ ഹെല്‍ത്ത് സ്റ്റഡീസ്, ബയോ മെഡിക്കല്‍ സപ്പോര്‍ട്ട് സംവിധാനങ്ങള്‍, റേഡിയേഷന്‍ ബയോളജി & മെഡിസിന്‍ എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകള്‍ക്ക് ഈ സഹകരണം പ്രോത്സാഹനം നല്‍കും. ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ മനുഷ്യന്റെ ആരോഗ്യവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനും ടെലിമെഡിസിന്‍ & കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍, ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ക്രൂ മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിനും കരാര്‍ സഹായകമാകും. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ള മേഖലയിലെ മികവുറ്റ ഗവേഷണത്തിനും വികസനത്തിനും ബഹിരാകാശ സാഹചര്യം ഉപയോഗിക്കുന്നതിനായി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലീന്‍ റൂം, മൈക്രോ ഗ്രാവിറ്റി ലാബുകള്‍, എന്നിവ വികസിപ്പിക്കുന്നതിനും, ബഹിരാകാശ ഗവേഷണ രംഗത്തും ഫലപ്രദമായ സഹകരണമാണ് ഐ എസ് ആര്‍ ഒയുമായി പ്രതീക്ഷിക്കുന്നതെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. സജ്ഞയ് ബിഹാരി പറഞ്ഞു.

ശ്രീചിത്ര ഡയറക്ടര്‍ ഡോ. സജ്ഞയ് ബിഹാരിയും ഐ എസ് ആര്‍ ഒ സയന്റിഫിക് സെക്രട്ടറി ശ്രീ ഗണേഷ് പിള്ളയും ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. സുനില്‍കുമാര്‍, ശ്രീചിത്ര ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. മണികണ്ഠന്‍, വി എസ് എസ് സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, എച്ച് എസ് എഫ് സി ഡയറക്ടര്‍ ഡോ. ദിനേശ് കുമാര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by