ബംഗളുരു : ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍(84) അന്തരിച്ചു.രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
ഐഎസ് ആര്‍ഒയുടെ അഞ്ചാമത്തെ ചെയര്‍മാനാണ് കസ്തൂരിരംഗന്‍.അദ്ദേഹം 1994 മുതല്‍ 2003 വരെ പദവിയില്‍ തുടര്‍ന്നു.രാജ്യസഭാംഗം, ആസൂത്രണ കമ്മീഷന്‍ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഇന്‍സാറ്റ് -2, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളായ ഐ ആര്‍ എസ് 1 എ, 1 ബി എന്നീ ഉപഗ്രഹങ്ങളുടെ വികസനത്തില്‍ മേല്‍നോട്ടം വഹിച്ചു. ഭാസ്‌കര-1, ഭാസ്‌കര -2 എന്നീ ഭൗമനീരീക്ഷണ ഉപഗ്രഹങ്ങളുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പി എസ് എല്‍ വി, ജി എസ് എല്‍ വി എന്നിങ്ങനെയുള്ള ലോഞ്ച് വെഹിക്കിളുകളുടെ വിജയകരമായ വിക്ഷപണങ്ങളും ചന്ദ്രയാന്‍ 1- പദ്ധതിയുടെ അടിത്തറ പാകിയതും കെ കസ്തൂരിരംഗന്റെ കാലത്താണ്.
2017-2020 കാലഘട്ടത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടായപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച പുനപ്പരിശോധന കമ്മിഷന്റെ തലപ്പത്തും കസ്തൂരി രംഗനെത്തി.
1940-ല്‍ സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായി എറണാകുളത്താണ് കസ്തൂരിരംഗന്‍ ജനിച്ചത്.അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കേരളത്തില്‍ വന്ന് താമസിച്ച തമിഴ്‌നാട് സ്വദേശികളാണ്. പ്രാഥമികവിദ്യാഭ്യാസം എറണാകുളം ശ്രീരാമവര്‍മ്മ ഹൈസ്‌കൂളില്‍. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയില്‍ ജോലി ചെയ്തുകൊണ്ട് എക്സിപിരിമെന്റല്‍ ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷമാണ് ഐ എസ് ആര്‍ ഒ-യില്‍ എത്തുന്നത്. 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായി. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: