Article

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം: മാരാര്‍ജി കൊളുത്തിയ ആദര്‍ശദീപം

Published by

ബിജെപിയുടെ അമരത്തിരുന്നത് ഒന്നരപ്പതിറ്റാണ്ട് മാത്രം. എന്നാല്‍ കെ.ജി. മാരാര്‍ കാലയവനികയ്‌ക്കുള്ളിലേക്ക് മറയുമ്പോള്‍ ഒരു നൂറ്റാണ്ടിന്റെ സേവനം നടത്തിയ പ്രതീതി. നേരിട്ട് കണ്ടവര്‍ക്കും സ്‌നേഹവും സൗഹാര്‍ദ്ദവും അനുഭവിച്ചവര്‍ക്കും ഒരു വഴികാട്ടിയായിരുന്നു ആ മനുഷ്യസ്‌നേഹി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും, ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി മൂന്നരപതിറ്റാണ്ടോളം പൊതുരംഗത്ത് മാരാര്‍ജി വ്യക്തിമുദ്രചാര്‍ത്തി.

താന്‍ പ്രചരിപ്പിക്കുന്ന തത്വശാസ്ത്രം മറ്റെല്ലാറ്റിനെയും പിന്നിലാക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനായി ആരോഗ്യംപോലും മറന്ന് അദ്ധ്വാനിച്ചു. പട്ടിണിയും പേറി കാല്‍നടയായും ബസ്സിലും ട്രെയിനിലുമൊക്കെയായി കേരളമാകെ ഓടിയെത്തി. അണികള്‍ക്ക് ആശ്വാസവും ജനങ്ങള്‍ക്ക് ആവേശവും ഉണര്‍ത്തി. മാരാര്‍ജി പിഴവില്ലാതെ സൃഷ്ടിച്ച അടിത്തറയിലാണ് പ്രലോഭനങ്ങളും പ്രകോപനങ്ങളുമെല്ലാം ഉണ്ടായിട്ടും ബിജെപി നിരവധി തോല്‍വികളെ അഭിമുഖീകരിക്കുമ്പോഴും പതറാതെ, തകരാതെ വളര്‍ന്നുകൊണ്ടേയിരിക്കുന്നത്.

ആദര്‍ശ രാഷ്‌ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്തു. ഒരു എംഎല്‍എയ്‌ക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ജനലക്ഷങ്ങളില്‍ ലഭിച്ചു.

ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അദ്ദേഹത്തെ അറിഞ്ഞവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനുവേണ്ടി നടന്നുവന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

പരസ്പരം ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അംശങ്ങള്‍ രാഷ്‌ട്രീയത്തില്‍നിന്നകന്നുപോകുന്ന കാലഘട്ടമാണിത്. രാഷ്‌ട്രീയം എന്നത് വര്‍ഗീയത്തിന് വഴിമാറി നില്‍ക്കുന്നു. വര്‍ഗീയതയ്‌ക്കെതിരെ മാരാര്‍ജി നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നൊന്നായി തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിനുമുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ചെകുത്താന്മാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞു.

എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി. മാരാര്‍ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവര്‍ നന്നേ ചുരുങ്ങും. ഒരമ്പലത്തിലെ കഴകത്തില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ആര്‍എസ്എസ്, മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്‌ത്തിരി കൊളുത്തി.

അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കള്‍ക്ക് വഴി തെളിക്കാന്‍ ഉപയോഗിച്ചു. മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആര്‍എസ്എസ് പ്രചാരകനായിട്ടാണ്, 1956 ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അദ്ധ്യാപകനുമായിരുന്നു.

പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചിറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ത്ഥത്തിലും ശരിയാണ്.

മാര്‍ക്‌സിസ്റ്റ് ഈറ്റില്ലങ്ങളും ശക്തിദുര്‍ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്‌ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ് വശ്യമായ പുഞ്ചിരിയും വാചോവിലാസവുമായി കടന്നുചെന്ന് അവിടത്തെ ജനങ്ങളെ ആകര്‍ഷിച്ചതെന്നുപറയാന്‍ പ്രയാസമാണ്. അധികം താമസിയാതെ പ്രവര്‍ത്തന മേഖല സംസ്ഥാന വ്യാപകമായി. ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനതാപാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഭാരതീയ ജനതാപാര്‍ട്ടി രൂപവല്‍ക്കൃതമായശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടില്‍ ചെന്നാല്‍ അതിഥിയായിട്ടല്ല, കുടുംബാംഗമായിത്തന്നെയാണ് വീട്ടുകാര്‍ കരുതിവന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് ലഭിച്ച സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ് അതിന് സഹായിച്ചത്.

വളരെ പെട്ടെന്നുതന്നെ ജനസംഘത്തിന്റെ അനിവാര്യഘടകമായി. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അടിയന്തരാവസ്ഥയെത്തിയത്. പൗരാവകാശത്തിനുവേണ്ടി ജയില്‍വാസവും അനുഷ്ഠിച്ചു. ബിജെപിയിലെത്തിയതോടെ കേരള രാഷ്‌ട്രീയത്തില്‍ അവഗണിക്കാനാവാത്ത വ്യക്തിത്വമായി കെ.ജി. മാരാര്‍ വളര്‍ന്നു. പ്രതിയോഗികള്‍ക്കുപോലും മാരാര്‍ജിയായി. ബിജെപി ഉത്തരേന്ത്യന്‍ കക്ഷിയാണെന്നും സവര്‍ണപാര്‍ട്ടിയാണെന്നുമൊക്കെയുള്ള ആക്ഷേപത്തിന് അദ്ദേഹം മറുപടി നല്‍കിയത് പ്രവര്‍ത്തനത്തിലൂടെയായിരുന്നു.

വയനാട്ടിലെ വനവാസികള്‍ക്കിടയില്‍ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാനും അവരെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും കെ.ജി.മാരാര്‍ സഹിച്ച ത്യാഗവും നടത്തിയ പ്രവര്‍ത്തനവും അഭിമാനകരമാണ്. അമ്പലവാസി സമുദായത്തില്‍ ജനിച്ച മാരാരുടേത് ‘സവര്‍ണത്വവും’ സസ്യാഹാരവും ഒക്കെയാണെങ്കിലും വനവാസികളുടെ ഹൃദയം കവരാന്‍ അദ്ദേഹത്തിന് സാധിച്ചു. വനവാസികളോടൊപ്പം അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. ‘വയനാട് ആദിവാസി സംഘം’ എന്നൊരു സംഘടനയ്‌ക്കും രൂപം നല്‍കി.

ബ്രിട്ടീഷുകാര്‍ക്കെതിരെ അന്ത്യശ്വാസം വരെ പൊരുതാന്‍ പഴശ്ശിരാജയ്‌ക്ക് കരുത്തുപകര്‍ന്ന വയനാട്ടിലെ വനവാസികള്‍ പട്ടിണിയാണെങ്കിലും പ്രസ്ഥാനത്തിലും വിശ്വാസത്തിനുംവേണ്ടി എന്തുത്യാഗം സഹിച്ചും പൊരുതുന്നവരാണ്. അത് ചൂഷണം ചെയ്യാന്‍ നക്‌സലൈറ്റുകള്‍ ഏറെ ശ്രമിച്ചിരുന്നു. വനവാസികളുടെ പട്ടിണിയും അറിവില്ലായ്മയും മുതലെടുക്കാന്‍ കുടിയേറ്റ കൗശലക്കാര്‍ക്ക് കഴിഞ്ഞിരുന്നു. കള്ളും കഞ്ചാവും പുകയിലയും നല്‍കി കൃത്രിമരേഖകളുണ്ടാക്കി വനവാസികളെ വശീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് അധികം ഫലിച്ചില്ല. അവിടെയാണ് മാരാര്‍ജിയുടെ ശ്രമം വിജയിച്ചത്. ഏപ്രില്‍ 25 നാണ് മാരാര്‍ജിയുടെ 30-ാം ചരമ വാര്‍ഷികം. മാരാര്‍ജിയുടെ സ്മരണപോലും ആവേശഭരിതമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by