ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു. പുല്‍വാമയിലെ ത്രാലിലെ വീടുകളാണ് സ്ഫോടനത്തിലൂടെ തകര്‍ത്തത്. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. ഭീകരര്‍ ഇവിടം ഒളിത്താവളമായും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ള ആയുധങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ആസിഫുമായും ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ആദിലും ബന്ധമുള്ള രണ്ട് തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
തദ്ദേശീയരായ രണ്ട് തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. അഞ്ചുപേരാണ് ഈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഭീകരരുടെ ഒളിവിടം പീര്‍ പുഞ്ചലാണെന്നാണ് സൂചനകള്‍. പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകന് നേരിട്ട് പങ്കുണ്ടെന്ന് കരുതപ്പെടുന്നു. നേരത്തേ പോലീസ് നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അലി ഭായ് എന്ന തല്‍ഹ, ആസിഫ് ഫൗജി എന്നിവര്‍ പാക്കിസ്ഥാന്‍കാരാണ്.
ആദില്‍ ഹുസൈന്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇവര്‍ കശ്മീരി സ്വദേശികളാണ്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: