കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അസം സ്വദേശി അമിതിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പാലത്തിന് അടിയിലെ തോട്ടില്‍ നിന്നും കൊല്ലപ്പെട്ട വിജയകുമാറിന്റെ ഐ ഫോണ്‍ കണ്ടെടുത്തു.
ഈ ഫോണില്‍ സിസിടിവി ഔട്ട്പുട്ട് ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള തോട്ടില്‍ നിന്നും ഡിവിആര്‍ കണ്ടെടുത്തതിന് ശേഷമാണ് മൊബൈല്‍ ഫോണും കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം പ്രതി ഫോണും എടുത്തുകൊണ്ടാണ് പോയത്.വിജയകുമാറിന്റെ വീട്ടിലെ രണ്ട് മൊബൈല്‍ഫോണ്‍ കൂടി കണ്ടെത്താന്‍ ഉണ്ട്.
കണ്ടെടുത്ത ഡിവിആറിലെ ഡേറ്റ വീണ്ടെടുക്കാനുളള നടപടികള്‍ ഫോറന്‍സിക് സംഘം ആരംഭിച്ചു. പ്രതി എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമാകും. ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുക എന്നതാണ് അടുത്ത ഘട്ടം.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീടിന് സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു.അമിതിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ മാളയില്‍ നിന്നും ഇയാള്‍ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കോട്ടയത്തെത്തിച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: