ജമ്മു : തീവ്രവാദികൾ ആക്രമണം നടത്തി 27 നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പഹൽഗാമിലെ ബൈസരൻ ഗ്രൗണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചു. ബുധനാഴ്ച ഭീകരാക്രമണം നടന്ന സ്ഥലത്ത് ഹെലികോപ്റ്ററിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അക്രമം നടന്ന പുൽമേട്ടിൽ ഇറങ്ങി.
പഹൽഗാമിലെ പുൽമേട്ടിൽ സൈനികർ എത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതിന് ശേഷമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. അക്രമണം നടന്നയിടങ്ങൾ അദ്ദേഹം നേരിൽ കണ്ടു.
നേരത്തെ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിന് പുറത്ത് നടന്ന ഒരു ചടങ്ങിൽ അമിത് ഷാ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇരകളുടെ കുടുംബങ്ങളെയും ഷാ കണ്ടു. രാജ്യം ഭീകരതയ്‌ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അതേ സമയം 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം മേഖലയിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു ഈ ആക്രമണം. ആക്രമണത്തെ അപലപിച്ചും ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇന്ന് കശ്മീർ താഴ്‌വരയിൽ സമ്പൂർണ്ണ ബന്ദിന് മേഖലയിലെ രാഷ്‌ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: