കാട്ടാക്കട: ഊരൂട്ടമ്പലം സഹകരണ ബാങ്കിലെ മുന്‍ സിപിഎം ഭരണ സമിതി അംഗങ്ങളും ചില ജീവനക്കാരും ചേര്‍ന്ന് നിക്ഷേപകരുടെയും ചിറ്റാളന്മാരുടെയും ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്കെന്ന് പരക്കെ ആക്ഷേപം.
തട്ടിപ്പിനിരയായവര്‍ പരാതികള്‍ നല്‍കിയിട്ടും കേസ് എടുക്കാന്‍ മാറനല്ലൂര്‍ പോലീസ് ആദ്യം തയ്യാറായിരുന്നില്ല. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പണാപഹരണം നടന്നതായി ബോധ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങളും അടങ്ങുന്ന 12 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. ഇതനുസരിച്ച് 2024 ആഗസ്റ്റില്‍ കേസെടുത്ത് എഫ്‌ഐആര്‍ ഇട്ട മാറനല്ലൂര്‍ പോലീസ് സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനത്താല്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനരോക്ഷത്തെ തുടര്‍ന്ന് ഭരണ സമിതി രണ്ട് ജീവനക്കാരെ സസ്‌പെന്റ്‌ചെയ്‌തെങ്കിലും അവരെ ജോലിയില്‍ തിരിച്ചെടുത്ത് വീണ്ടും അഴിമതി നടത്തുവാനുള്ള അവസരം നല്‍കുന്നെന്നും ആരോപണം.
സംഘം ചേര്‍ന്ന് ഗുഡാലോചന നടത്തല്‍, വ്യാജരേഖ ഉണ്ടാക്കി നിക്ഷേപകരെയും അംഗങ്ങളെയും വഞ്ചിച്ച് പണാപഹരണം നടത്തല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളതിനാല്‍ ജീവനക്കാരെ പോലീസ് ഉടനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാങ്ക് ഭരണസമിതി അഴിമതിയിലുള്‍പ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. അടുത്ത കാലത്ത് ബാങ്കില്‍ നിലവില്‍ വന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: