കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ(കുസാറ്റ്) കപ്പല്‍ സാങ്കേതിക വകുപ്പിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ക്യാപ്റ്റന്‍ ജഗ്‌മോഹന്‍ മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ പുതിയ സിഎംഡിയായി ചുമതലയേല്‍ക്കും.
കുസാറ്റ് കപ്പല്‍ വകുപ്പ് നടത്തുന്ന ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ് പ്രോഗ്രാമിന്റെ 12 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ക്യാപ്റ്റന്‍ ജഗ്‌മോഹന്‍ 1987-ല്‍ സര്‍വകലാശാലയില്‍ നാവികസേന സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. ദല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് നേവല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഓഷ്യന്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സും പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഗോവ ഷിപ്‌യാര്‍ഡില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ നിയമനം.
പ്രതിരോധവകുപ്പിന് കീഴിലുള്ള ഷിപ്പ്‌യാര്‍ഡായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സിന്റെ സിജിഎം (ഡിസൈന്‍) എന്ന നിലയില്‍, ഇന്ത്യന്‍ നാവികസേനയ്‌ക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനുമായി സങ്കീര്‍ണമായ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനയുടെ ചുമതലയും ക്യാപ്റ്റന്‍ ജഗ്‌മോഹന്‍ നിര്‍വഹിച്ചിട്ടുണ്ടണ്ട്. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ സിഎംഡി മധു എസ്. നായരും വകുപ്പിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
















