കൊച്ചി: ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ.
ഹോട്ടലില്‍ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. കടുത്ത നടപടികളിലേക്കൊന്നും തങ്ങള്‍ കടന്നിട്ടില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക്ശേഷമേ ഉണ്ടാകൂ എന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പോലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണര്‍ ചര്‍ച്ച നടത്തിയിരുന്നു.
ലഹരി ഉപയോഗിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ ഷൈന്‍ എന്ന് ഔദ്യോഗീകമായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്തുകൊണ്ടാണ് ഡാന്‍സാഫ് സംഘത്തെ കണ്ട് ഓടിയത് എന്നതില്‍ ഷൈന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതിന്റെ വാസ്തവം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. അവിടെനിന്ന് ഓടിയപ്പോള്‍ പോലീസ് സഹായം തേടുകയോ പിന്നീട് പോലീസിന്റെ സഹായം തേടുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല. അക്കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
മറ്റു നടന്മാര് ലഹരി ഉപയോഗിക്കുന്നതായി ഷൈന്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലഹരി ഇടപാടുകാരുമായുള്ള ബന്ധം, പണമിടപാടുകള്‍ തുടങ്ങിയവയാണ് പോലീസിന്റെ അന്വേഷണത്തില്‍ പ്രധാനമായുള്ളത്. ലഹരി എത്തിക്കുന്നവരിലേക്ക് എത്താനാണ് പോലീസ് ശ്രമം. ഷൈനിന്റെ ബാങ്ക്, അക്കൗണ്ട് വിവരങ്ങള്‍ അടക്കം ലഭ്യമായ സാഹചര്യത്തില്‍ അവയുടെ വിശദ പരിശോധനയും കൂടുതല്‍ തെളിവുകളുടെ കണ്ടെത്തലുമാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നത്.
ഇതിനിടയില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന ഷൈന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. മെത്താംഫെറ്റമിന്‍ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്ന് നടന് പറഞ്ഞു. സൈറ്റില്‍ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാല്‍ ഉപയോഗിക്കാറുണ്ട്. ലഹരിക്കായി പലര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ആര്‍ക്കൊക്കെയാണെന്ന് ഓര്‍മയില്ല. സൈറ്റുകളില്‍ ലഹരി എത്തിച്ചു നല്കാന് പ്രത്യേകം ഏജന്റുമാരുണ്ടെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞതായിട്ടാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: