ന്യൂദല്‍ഹി: ഇന്ത്യയിലെ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മക്കള്‍ക്ക് തിങ്കളാഴ്ചത്തെ ഇന്ത്യയിലെ അനുഭവങ്ങളില്‍ ഇഷ്ടപ്പെട്ടത് മയില്‍പ്പീലി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചായിരുന്നു ഈ അനുഭവം ഉണ്ടായത്.
വീടിനകത്തേക്ക് പോകുംമുന്‍പ് കുറച്ചുനേരം മോദിയും ജെ.ഡി. വാന്‍സും കുടുംബവും വീടിന് പുറത്ത് അല്പനേരം ചെലവഴിച്ചിരുന്നു. അവിടെ മയിലും മറ്റ് ഏതാനും ജീവജാലങ്ങളും ഉണ്ട്. ഈ കാഴ്ച കുട്ടികളും ആസ്വദിച്ചു. അതിന് ശേഷം അകത്തേക്ക് പോയപ്പഴാണ് മോദി അവര്‍ക്ക് അവിടെ സൂക്ഷിച്ചിരുന്ന ഒരു മയില്‍പ്പീലി നല്‍കിയത്.
മോദിയുടെ വസതിയില്‍ മുറ്റത്ത് മേയുന്ന ധാരാളം മയിലുകളുടെ വീഴുന്ന മയില്പ്പീലികള് മോദി വീടിനകത്ത് സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള മയില്‍പ്പീലികളാണ് മൂന്ന്കുട്ടികള്‍ക്ക് സമ്മാനിച്ചത്. ജെ.ഡി. വാന്‍സിന്റെ ആണ്മക്കളായ ഇവാനും വിവേകും മയില്‍പ്പീലി കണ്ടപ്പോള്‍ ഏറെ ആകൃഷ്ടരായി. പൊതുവേ നാണം കുണുങ്ങിയായ മകള്‍ മിറാബെലും മയില്‍പ്പീലി കണ്ടപ്പോള്‍ പ്രധാനമന്ത്രിയുടെ അരികിലേക്ക് പോയി. ഇതേക്കുറിച്ച് കുട്ടികള്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. അതിന് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരവും നല്കി. പിന്നീട് അദ്ദേഹം മൂന്ന് പേര്‍ക്കും കളിക്കാന്‍ മയില്‍പ്പീലി സമ്മാനിച്ചു.
ഉഷ വാന്‍സിന്റെ മക്കളല്ലേ, മയില്‍പ്പീലി ഇഷ്ടമാവാതിരിക്കില്ല
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ് ഹിന്ദുവാണ്, ഇന്ത്യക്കാരിയാണ്. ആന്ധ്രയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകള്‍. പക്ഷെ പൊതുവേ ഒരു ഇടത്തരം ഉയര്‍ന്ന കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഇപ്പോള്‍ യുഎസിലെ രണ്ടാം വനിതയായി അറിയപ്പെടുന്ന ഉഷ വാന്‍സ് യേല്‍ സര്‍വ്വകലാശാലയില്‍ നിന്നും നിയമമാണ് പഠിച്ചത്. പിന്നീട് സുപ്രീംകോടതിയില്‍ വരെ അഭിഭാഷകരുടെ ട്രയല്‍ അസിസ്റ്റന്റായി വരെ ജോലി ചെയ്തു.
പൊതുവേ ഹിന്ദുസംസ്കാരം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉഷ വാന്‍സ്. ഇരുവരും വിവാഹിതരായപ്പോള്‍ താമരപ്പൂമാലയാണ് അണിഞ്ഞത്. ക്ഷേത്രസന്ദര്‍ശനവും ഉഷവാന്സിന് ഏറെ ഇഷ്ടം. ഭാരതത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഉഷ വാന്‍സിന്റെ മക്കള്‍ മയില്‍പ്പീലി ഇഷ്ടപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്ന് സോഷ്യല്‍ മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: