ടെക്‌സാസ്: ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പ്രായമേറിയവരില്‍ തലച്ചോറിന് ഗുണകരമെന്ന് പഠനം. ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാകുമെന്ന ആശങ്ക ഇനി വേണ്ട. ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന പ്രായമായവരുടെ വൈജ്ഞാനികനിലവാരം, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മികച്ചതായിരിക്കുമെന്ന് പഠനം.
ടെക്‌സാസിലെ യുടി ഹെല്‍ത്ത് ഓസ്റ്റിന്റെ കോംപ്രിഹെന്‍സീവ് മെമ്മറി സെന്ററിലെ ക്ലിനിക്കല്‍ ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. ജാരെഡ് ബെഞ്ചും ബെയ്ലര്‍ സര്‍വകലാശാലയിലെ വൈജ്ഞാനിക ന്യൂറോ സയന്റിസ്റ്റായ ഡോ. മൈക്കല്‍ സ്‌കല്ലിനുമാണ് പഠനം നടത്തിയത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്ന അമ്പതുവയസിന് മുകളിലുള്ള, ശരാശരി 69 വയസുള്ള നാലുലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. സാങ്കേതികവിദ്യയുടെ ഉപയോഗം മാനസിക കഴിവുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു പരിശോധിച്ചത്.
കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്നത് വൈജ്ഞാനിക വൈകല്യത്തിനുള്ള സാധ്യത കുറയ്‌ക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയ ആദ്യതലമുറയുടെ വൈജ്ഞാനികപ്രവര്‍ത്തനം ഇതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വിശദാംശങ്ങള്‍ സയന്‍സ് ജേണലായ നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മികച്ച ചിന്താശേഷിയുള്ളവര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അവയുടെ നിരന്തര ഉപയോഗം വൈജ്ഞാനിക മികവിന് വഴിവയ്‌ക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ശരിയായി മനസിലാക്കിക്കഴിഞ്ഞാല്‍, വൈജ്ഞാനികത്തകര്‍ച്ചയുടെ സാധ്യതയുള്ളവര്‍ക്കായി പദ്ധതികള്‍ രൂപകല്പന ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: