India

ആസാം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എതിരില്ലാതെ 325 ല്‍

Published by

ഗുവാഹത്തി: ആസാമില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 325 സീറ്റുകളില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനു പിന്നാലെയാണ് 325 സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. വിജയികളില്‍ 294 പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളും 31 പേര്‍ സഖ്യകക്ഷിയായ ആസാം ഗണപരിഷത്ത് സ്ഥാനാര്‍ത്ഥികളുമാണ്.

ആസാമിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ അഭൂതപൂര്‍വമായ ജനവിധിയാണിതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. എന്‍ഡിഎയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള അതിരറ്റ വിശ്വാസവും അതിരുകളില്ലാത്ത സ്നേഹവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ഈ കണക്ക് ഇനിയുമുയരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്‍ഡിഎ തൂത്തുവാരാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ 37 ജില്ലാ പഞ്ചായത്ത് സീറ്റുകളിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 35 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളും രണ്ട് സീറ്റുകളില്‍ ആസാം ഗണപരിഷത്ത് സ്ഥാനാര്‍ത്ഥികളുമാണ് വിജയിച്ചത്. 288 ആഞ്ചലിക് പരിഷത്ത് (ബ്ലോക്ക് പഞ്ചായത്ത്) സീറ്റുകളില്‍ എന്‍ഡിഎ എതിരില്ലാതെ വിജയിച്ചപ്പോള്‍ 259 സീറ്റുകളില്‍ ബിജെപിയും 29 സീറ്റുകളില്‍ എജിപിയും വിജയിച്ചു. 13 സ്വതന്ത്രരും 9 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഒരു എഐയുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആഞ്ചലിക് പരിഷത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മെയ് 2, 7 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ത്രിതല പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 നാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 34 ജില്ലകളിലെ 27 ജില്ലകളിലാണ് ത്രിതല പഞ്ചായത്തുതല തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴ് ജില്ലകള്‍ സ്വയംഭരണ കൗണ്‍സിലുകളുടെ നിയന്ത്രണത്തിലാണ്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 21,920 സീറ്റുകളും ആഞ്ചലിക് പരിഷത്തുകളില്‍ 2,192 സീറ്റുകളും ജില്ലാ പരിഷത്തുകളില്‍ 397 സീറ്റുകളുമുണ്ട്. 1.80 കോടി പേരാണ് വോട്ടര്‍മാരായുള്ളത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ 325 സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിനുള്ളിലും വന്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. തോല്‍വി ഭയന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറാകുന്നില്ലെന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ എതിരില്ലാത്ത വിജയം വ്യക്തമാക്കുന്നത്.

പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ലാതെ പോയതിന് കാരണമെന്തെന്ന് കണ്ടെത്താന്‍ കോണ്‍ഗ്രസ് മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പബന്‍ സിങ് ഘടോവറാണ് കമ്മിറ്റി ചെയര്‍മാന്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by