കൊൽക്കത്ത: പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമീണർ സർവ്വതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർത്ഥികളെപ്പോലെ ഭയന്ന്കഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ലെന്നും ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ഇരകളുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കി.
“ദുരിതാശ്വാസക്യാമ്പുകളിൽ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. അക്രമബാധിതരായ മുഴുവൻപേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകും. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളും വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ച് സമഗ്രമായ ഒരു അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കും ” – ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ ഇവിടെയുള്ള കുടുംബങ്ങളെ കണ്ടു. അവർ എന്നോട് അവരുടെ സങ്കടങ്ങളും ആശങ്കകളും നിർദ്ദേശങ്ങളും പറഞ്ഞു. അവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽകൊണ്ടുവരും. രാജ്ഭവൻ അത് നിരീക്ഷിക്കും. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പീസ്റൂം രാജ്ഭവനിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നോട് നേരിട്ട് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഞങ്ങൾ അവരുമായി ബന്ധപ്പെടും. തീർച്ചയായും വളരെ ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഇങ്ങനെയൊന്ന് ഇനി ആവർത്തിക്കാൻ അനുവദിക്കില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഷംഷേർഗഞ്ചിലെ ജാഫ്രാബാദിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ഗവർണർ സന്ദർശിച്ചു. കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാമ്പ് അടക്കമുള്ള അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയിൽകൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി മമതയുടെ അഭ്യർത്ഥന നിരസിച്ച് ബംഗാളിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയ ഗവർണർ വ്യാപകമായ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച ധൂലിയൻ, സുതി, ജംഗിപൂർ എന്നിവയുൾപ്പെടെ ഗ്രാമങ്ങളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു. അക്രമത്തിന്റെ പ്രാരംഭം മുതൽ സംസ്ഥാന- കേന്ദ്ര സർക്കാരുകളും കേന്ദ്ര സംസ്ഥാന സേനകളും റെഡ്ക്രോസ്, സെന്റ് ജോൺസ് ആംബുലൻസ് അടക്കമുള്ള സന്നദ്ധസേവന പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പരിഹാര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഗവർണർ തന്റെ തനതായ ശൈലിയിലൂടെ ബംഗാൾ ജനതയുടെ പ്രത്യാശയായി മാറി.
എല്ലായിടത്തും പരാതികളും പരിവേനങ്ങളുമായി ജനം കണ്ണീരോടെ ഗവർണറെ പൊതിഞ്ഞു. ജാഫ്രാബാദിൽ ആവലാതികളും പ്രതിഷേധവുമായി അലമുറയിട്ട ജനങ്ങളോട് അദ്ദേഹം ചോദിച്ചു: “നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടോ? ” “രാജ്യപാൽ ജയ് ഹോ” വിളികളോടെയാണ് അവർ അതിനോട് പ്രതികരിച്ചത്.
എല്ലാവിഭാഗം അധികാരികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കൊൽക്കത്തയിലെത്തിയാലുടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗവർണർ ബോസ് പറഞ്ഞു. “ഇത് പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട മണിക്കൂറാണ്,” – അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ശുപാർശ ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ഗവർണർ എന്ന നിലയിൽ ഞാൻ സൂക്ഷ്മത പാലിക്കണം. രാഷ്‌ട്രപതി ഭരണത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: