ചണ്ഡിഗഡ് : പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. കോൺഗ്രസുമായി കൈകോർത്ത് ആപ്പ് സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയാണെന്നും ചുഗ് തുറന്നടിച്ചു.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് മനഃപൂർവ്വം ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. പഞ്ചാബിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കോൺഗ്രസ് എഎപിയുമായി ഒത്തുചേർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് ഡസനോളം ഗ്രനേഡ് സ്ഫോടനങ്ങൾക്ക് ശേഷം ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടത് മറച്ചുവെക്കാൻ ഭഗവന്ത് മാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചുഗ് പറഞ്ഞു. ആദ്യം പോലീസ് സ്റ്റേഷനുകൾക്ക് നേരെയും പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയും ഗ്രനേഡ് ആക്രമണം ഉണ്ടായതായി ചുഗ് പറഞ്ഞു.
എന്നാൽ ഇപ്പോൾ പഞ്ചാബിലെ രാഷ്‌ട്രീയ നേതാക്കളെ ദേശവിരുദ്ധ ശക്തികൾ ലക്ഷ്യം വയ്‌ക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഭഗവന്ത് മാൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ ചുഗ്, പഞ്ചാബിൽ ദേശവിരുദ്ധ ശക്തികൾ എങ്ങനെയാണ് സ്വതന്ത്രമായി വിഹരിക്കുന്നതെന്നും ചോദിച്ചു. ആം ആദ്മി സർക്കാർ ദേശവിരുദ്ധ ശക്തികളുമായും സഖ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: