ന്യൂദൽഹി : ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുന്നതിനുപകരം ബംഗ്ലാദേശ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പശ്ചിമ ബംഗാളിലെ സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശ് നടത്തിയ അഭിപ്രായങ്ങൾ ഞങ്ങൾ നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
മുർഷിദാബാദിലെ അക്രമത്തിൽ ബംഗ്ലാദേശിന്റെ പങ്ക് നിഷേധിച്ച ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് ഷഫീകുൽ ആലമിന്റെ പ്രസ് സെക്രട്ടറി മുസ്ലീങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യാ സർക്കാരിനോടും പശ്ചിമ ബംഗാൾ സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു രൺധീർ ജയ്‌സ്വാൾ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ തുടർച്ചയായ പീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളുമായി തുല്യത സ്ഥാപിക്കാനുള്ള മറച്ചുവെച്ചതും വഞ്ചനാപരവുമായ ശ്രമമാണിത് എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്തുന്നവർ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു. അനുചിതമായ അഭിപ്രായങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നതിനുപകരം ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: