ന്യൂഡൽഹി ; വഖഫ് ഭേദഗതി നിയമം കൊണ്ടുവന്ന മോദി സർക്കാരിന് നന്ദി പറയാനെത്തി ദാവൂദി ബോറ സമുദായത്തിലെ പ്രതിനിധി സംഘം . ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ, ബിസിനസ് നേതാക്കൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, അധ്യാപകർ, തുടങ്ങി ദാവൂദി ബോറ സമൂഹത്തിലെ നിരവധി പ്രമുഖ പ്രതിനിധികൾ അടങ്ങുന്ന സംഘമാണ് എത്തിയത്.
തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും, തങ്ങളുടെ സമുദായത്തിലെ അംഗങ്ങളുടെ സ്വത്തുക്കൾ വഖഫ് അവകാശപ്പെട്ടതിനെ കുറിച്ചും പ്രതിനിധി സംഘം വിശദീകരിച്ചു. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ അവർ ഇത് വളരെക്കാലമായി നിലനിൽക്കുന്ന ആവശ്യമായിരുന്നുവെന്നും പറഞ്ഞു.
ദാവൂദി ബോറ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ദീർഘകാല ബന്ധത്തെക്കുറിച്ചും അവർക്കായി അദ്ദേഹം ചെയ്ത നല്ല പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിനിധി സംഘം സംസാരിച്ചു. വഖഫ് ഭേദഗതി നിയമം തങ്ങളുടെ സമൂഹത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി ഈ നിയമം കൊണ്ടുവന്നത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കുള്ളിലെ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ്. ഇന്ത്യ എപ്പോഴും തങ്ങളുടെ സ്വത്വം തഴച്ചുവളരാൻ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിനു പിന്നിലെ വർഷങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വഖഫ് മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്ന് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളായിരുന്നു, പ്രത്യേകിച്ച് വിധവകളായിരുന്നു എന്നതാണ് ഈ നിയമം കൊണ്ടുവരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: