കീവ്: ഉക്രൈന് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തില്‍ തിരിച്ചടയ്ക്കേണ്ട തുക യുഎസ് വെട്ടിക്കുറച്ചു. 300 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണമെന്ന ഉത്തരവ് 100 ബില്യണ്‍ ഡോളറായാണ് കുറച്ചത്.
ഉക്രൈന് – യുഎസ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തുക കുറച്ചത്. ഉക്രൈനില്‍ അസംസ്കൃത വസ്തുക്കളുടെ വലിയ ശേഖരമുണ്ട്. ഉക്രൈനിലുള്ള അപൂര്‍വ ധാതുക്കളില്‍ യുഎസിനും ലാഭകരമാകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സാമ്പത്തിക സഹായം മൂന്നില്‍ ഒന്ന് മാത്രം തിരിച്ചടച്ചാല്‍ മതിയെന്ന് യുഎസ് അറിയിച്ചതിന് പിന്നില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാതു കരാര്‍ ചര്‍ച്ചകള്‍ ഉകൈനിനിന് അനുകൂലമാണെന്ന് ഓഡെസയില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടിനുമായി സംസാരിക്കവേ വ്ളോദിമീര്‍ സെലന്‍സ്കി അറിയിച്ചു.
റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുറോപ്പുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി ട്രംപിന്റെ പ്രതിനിധികള്‍ പാരീസിലേക്ക് തിരിച്ചു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് ചര്‍ച്ച. യുഎസ് പ്രതിനിധികള്‍ യുറോപ്യന്‍ നേതാക്കളുമായി നടത്തുന്ന ചര്‍ച്ച വെള്ളിയാഴ്ച വരെ നീണ്ടു നില്ക്കും.
അതിനിടെ, ഉക്രൈന് കരിങ്കടല്‍ തുറമുഖ നഗരമായ ഒഡെസയില്‍ റഷ്യ നടത്തിയ ഡ്രോണാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും ഉക്രൈന് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ നഗരമായ സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 21 പേര് മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് ഉക്രൈന് റിപ്പോര്‍ട്ട്. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: