പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുകയും, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു നടത്തിയ കേരള സന്ദര്‍ശനം മുനമ്പം നിവാസികളുടെ ആശങ്കകള്‍ പരിഹരിച്ചിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിയെ നഖശിഖാന്തം എതിര്‍ത്ത കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്റില്‍ പാസാകുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തിയത്. ഇപ്പോഴത്തെ ഭേദഗതികൊണ്ട് മുനമ്പത്തുകാര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാവില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രചരിപ്പിച്ചത്. സ്വത്ത് അന്യാധീനപ്പെടുന്ന മുനമ്പത്തെ 600 ലേറെ കുടുംബങ്ങള്‍ക്ക് ഈ നിയമ ഭേദഗതി കൊണ്ട് പ്രയോജനമൊന്നും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ കുപ്രചാരണം നടത്തിയത്. കിരണ്‍ റിജിജു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും, മുനമ്പത്ത് നടത്തിയ സന്ദര്‍ശനത്തിലും ഈ കുപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയുണ്ടായി.
പുതിയ വഖഫ് ഭേദഗതി നിയമം മുനമ്പത്തിനും ബാധകമാണെന്നും, രാജ്യത്തൊരിടത്തും ഇനി മുനമ്പം ആവര്‍ത്തിക്കില്ലെന്നും കിരണ്‍ റിജിജു ആധികാരികമായിത്തന്നെ വ്യക്തമാക്കുകയുണ്ടായി. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. വഖഫ് നിയമ ഭേദഗതി മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതല്ലെന്നും, ചരിത്രപരമായ തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. ഭാവിയില്‍ ഏതൊരു ഭൂമിയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ നിയമ ഭേദഗതിയുടെ ചരിത്രപരമായ പ്രാധാന്യവും.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു മുനമ്പം നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ഇതുതന്നെയാണ് മുനമ്പത്തെത്തി പറഞ്ഞിട്ടുള്ളതും. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ യാതൊരു വൈരുദ്ധ്യവും ഇല്ല. ഇതുവരെ പരാതിയുമായി കോടതിയെ സമീപിക്കാന്‍ മുനമ്പത്തുകാര്‍ക്ക് കഴിയില്ലായിരുന്നു. നിലവിലുള്ള വഖഫ് നിയമ പ്രകാരം ഇതിനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതാണല്ലോ. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതനുസരിച്ച് വഖഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമപ്പുറം പരാതിക്കാര്‍ക്ക് കോടതിയെ സമീപിച്ച് പരിഹാരം തേടാം. ഈ സാധ്യത മറച്ചുപിടിപ്പിച്ചുകൊണ്ട് കുപ്രചാരണം തുടരുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. നടപടിക്രമങ്ങള്‍ പാലിക്കാതെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇക്കൂട്ടര്‍ പറയുന്നതിലെ കാപട്യം മുനമ്പത്തുകാര്‍ക്ക് ബോധ്യമായിട്ടുണ്ട്.
ഭരണഘടനയെ നോക്കുകുത്തിയാക്കി നിര്‍ത്തി വര്‍ഗീയ പ്രീണനത്തിനായി കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തിയതാണ് മുനമ്പത്തുകാരുടെ സ്വത്ത് അന്യാധീനപ്പെടാന്‍ കാരണം. ഈ തെറ്റാണ് മോദി സര്‍ക്കാര്‍ തിരുത്തിയിട്ടുള്ളത്. ഇതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും നിലയുറപ്പിച്ചവര്‍ മുനമ്പത്തെ 600 ലേറെ കുടുംബങ്ങളെ പിന്നില്‍നിന്ന് കുത്തുകയാണ് ചെയ്തത്. ഇവര്‍ക്ക് ഭൂമി തിരിച്ചുകിട്ടരുതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. മുസ്ലിം വോട്ട് ബാങ്കിന്റെ പിന്തുണ ലഭിക്കണമെങ്കില്‍ ഇങ്ങനെ സംഭവിക്കണമെന്ന് സിപിഎമ്മും പിണറായി സര്‍ക്കാരും കരുതുന്നു. വഖഫ് നിമയ ഭേദഗതി മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കില്ലെന്ന് പറയുന്നവരാണ് അവരെ കബളിപ്പിക്കാന്‍ ഒരു കമ്മീഷനെ വച്ചതെന്ന് മറക്കരുത്.
വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പത്തുകാര്‍ക്ക് സ്വത്ത് തിരിച്ചുകിട്ടിയാല്‍ ക്രൈസ്തവരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. മുനമ്പത്തുകാരുടേത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നിട്ടും അവരുടെ വോട്ട് വാങ്ങി ജയിച്ച ഹൈബി ഈഡനെപ്പോലുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വലിയ വഞ്ചനയാണ് കാണിച്ചത്. ഈ വഞ്ചന മുനമ്പത്തുകാര്‍ തിരിച്ചറിയുന്നതിലെ വെപ്രാളമാണ് കോണ്‍ഗ്രസിന്. മതന്യൂനപക്ഷങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി ഇനിയും മുനമ്പം നിവാസികളെ വഞ്ചിക്കാമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: