ബെംഗളൂരു: കര്‍ണാടകയിലെ 5.98 കോടി വരുന്ന ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ജാതികളും ഉപജാതികളുമായി 1351 വിഭാഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മുസ്ലിങ്ങളില്‍ മാത്രം 99 ഉപജാതികളുണ്ട്.
ബ്രാഹ്മണരില്‍ 59 ഉപജാതികള്‍ ഉണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. സംസ്ഥാന ജനസംഖ്യയുടെ 2.6 ശതമാനം ബ്രാഹ്മണരാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 57 ഉപജാതികളുണ്ട്. ഇതില്‍ ബ്രാഹ്മണര്‍ എന്നും വൊക്കാലിംഗ എന്നും സ്വയം വിശേഷിപ്പിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കര്‍ണാടകയിലെ മൊത്തം ജനസംഖ്യയുടെ 21.3 ശതമാനമാണ് ലിംഗായത്തുകളും വൊക്കലിംഗയും.
2015ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. 76.99 ലക്ഷം മുസ്ലിങ്ങളില്‍ 59 ലക്ഷം പേരും സര്‍വേയില്‍ മുസ്ലിം എന്ന് മാത്രമാണ് വിശേഷിപ്പിട്ടുള്ളത്. ബാക്കി വരുന്നവരാണ് വ്യത്യസ്ത ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്. ഇതില്‍ ഷൈഖ് മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്നവരാണ് ഏറ്റവും കൂടുതലുള്ളത്. 5.5 ലക്ഷം പേര്‍ ഈ കാറ്റഗറിയിലുണ്ട്. 3.49 ലക്ഷം പേരാണ് സുന്നി വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍.
ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3ഡിയിലാണ് വരുന്നത്. 9.47 ലക്ഷം പേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. ബാക്കിയുള്ളവരെ മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്മണ ക്രിസ്ത്യന്‍, ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കുറുബ ക്രിസ്ത്യന്‍, വൊക്കലിഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി.
സംസ്ഥാനത്തെ നിലവിലുള്ള 32% ഒബിസി സംവരണം 51% ആയി ഉയര്‍ത്താന്‍ പിന്നാക്ക ക്ഷേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ഈ ജാതി സെന്‍സസില്‍ പറയുന്നുണ്ട്. കൂടാതെ മുസ്ലിം സംവരണം 4ല്‍ നിന്ന് 8% ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസ് വെറുപ്പിന്റെ സെന്‍സസാണെന്ന് കേന്ദ്രമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്. ഡി. കുമാരസ്വാമി പ്രതികരിച്ചു. സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വൊക്കലിംഗ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. വൊക്കലിംഗക്കാര്‍ക്ക് പുറമെ വീരശൈവ ലിംഗായത്തുകളെയും സര്‍ക്കാര്‍ ചതിച്ചെന്നും കുമാരസ്വാമി ആരോപിച്ചു.
അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് ജാതി സെന്‍സസ് സിദ്ധരാമയ്യ അംഗീകരിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിസന്റ് ബി.വൈ. വിജയേന്ദ്രയും പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുസ്ലിം, എസ്സി- എസ്ടി വിഭാഗങ്ങളെയും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും വിജയേന്ദ്ര പറഞ്ഞു. എന്നാല്‍ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു അനീതിയും സംഭവിക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: