തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
നീക്കം ചെയ്യുന്ന മണല്‍ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണല്‍ നീക്കത്തിന് കൂടുതല്‍ യന്ത്ര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
മുതലപ്പൊഴിയില്‍ പൊഴി മുറിച്ചില്ലെങ്കില്‍ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തില്‍ ആകുമെന്നത് മുന്നില്‍കണ്ടാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്.പൊലീസ് സഹായത്തോടെ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴി മുറിച്ചു തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
നിലവിലുള്ള ഡ്രഡ്ജറിന്റെ പ്രവര്‍ത്തന സമയം 20 മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിക്കും.കൊല്ലം ഹാര്‍ബറുകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് പോകാന്‍ താല്പര്യമുണ്ടെങ്കില് അതിനുള്ള ക്രമീകരണം ഒരുക്കും.
അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നാണ് സമരസമിതിയുടെ നിലപാട്. മാസങ്ങള്‍ക്കു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ ആണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. മടിയന്‍ മല ചുമക്കും എന്ന് പറയുന്നത് ഇതാണ്.
പൊഴിമുറിക്കുന്നതോടെ മത്സ്യ തൊഴിലാളികള്‍ ആണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടത്. പഴയ പല്ലവി ആണ് ആവര്‍ത്തിക്കുന്നതെന്നും ചര്‍ച്ച കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ പ്രതികരിച്ചു.
മേയ് 16നകം മുതലപ്പൊഴിയിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കുന്ന കരാറില്‍ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: