India

ഇന്ത്യന്‍ രൂപ വീണ്ടും കുതിയ്‌ക്കുന്നു; യുഎസ് ഇന്ത്യയ്‌ക്കെതിരായ പ്രതികാരച്ചുങ്കം പിന്‍വലിച്ചതും എണ്ണവില താഴ്ന്ന് നില്‍ക്കുന്നതും അനുഗ്രഹമായി

തുടര്‍ച്ചയായി മൂന്നാം ദിവസവും യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നു.16 പൈസ കൂടി ഉയര്‍ന്ന് ഒരു ഡോളറിന് 85 രൂപ 61 പൈസ എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 85 രൂപ 77 പൈസ എന്ന നിലയിലായിരുന്നു.

Published by

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിവസവും യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നു.16 പൈസ കൂടി ഉയര്‍ന്ന് ഒരു ഡോളറിന് 85 രൂപ 61 പൈസ എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 85 രൂപ 77 പൈസ എന്ന നിലയിലായിരുന്നു.

യുഎസ് ഇന്ത്യയ്‌ക്കെതിരായ പ്രതികാരച്ചുങ്കം പിന്‍വലിച്ചതും എണ്ണവില താഴ്ന്ന് നില്‍ക്കുന്നതും ഇന്ത്യന്‍ രൂപയ്‌ക്ക് അനുഗ്രഹമായി. നേരത്തെ 54 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ട്രംപ് ഇത് പിന്‍വലിച്ചു. വെറും പത്ത് ശതമാനം വരെ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി ചുങ്കം.

ബ്രെന്‍റ് വിഭാഗത്തില്‍പെട്ട അസംസ്കൃത എണ്ണ ഒരു ബാരലിന് 64 ഡോളര്‍ മാത്രമാണ്. ഇന്ത്യ എണ്ണ ഇറക്കുമതി രാജ്യമായതിനാല്‍ അസംസ്കൃത എണ്ണയിലെ ഈ വിലക്കുറവ് രൂപയ്‌ക്ക് അനുഗ്രഹമായി മാറി. വ്യാപാരച്ചുങ്കം ഉയര്‍ത്തുന്ന ആശങ്കകളും അത് യുഎസ് സമ്പദ്ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും കാരണം ഡോളര്‍ ദുര്‍ബലമാകുന്നുണ്ട്. ഇതും ഇന്ത്യന്‍ രൂപ ശക്തിപ്രാപിക്കാന്‍ കാരണമായി.

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ നല്ലതുപോലെ പണം നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയുടെ ഓഹരി വിപണി കയറുകയാണ്. ഇതും രൂപയെ ശക്തിപ്പെടുത്തുന്നതിന് സഹായകരമായി.

ഏപ്രില്‍ 15 ചൊവ്വാഴ്ച മാത്രം വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 6065 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വാങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് ശേഷം ഇത്രയധികം വിദേശനിക്ഷേപം ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. രൂപ ശക്തിപ്പെടുന്നത് ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന എണ്ണ, രാസവസ്തുക്കള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് അനുഗ്രഹമാകും. എന്തായാലും തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് രൂപയിലുള്ള വിശ്വാസത്തിന്റെ കൂടി തെളിവാണ്. അനുകൂലമായ വിദേശ സാഹചര്യങ്ങളുടെ കൂടി തെളിവാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക