വാഷിംഗ്ടൺ : പൗരത്വം നേടുന്നതിനായിട്ടുള്ള അഭിമുഖത്തിന് പോയ പലസ്തീൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ പോലീസ്. യുഎസിൽ ഗാസ പ്രതിഷേധങ്ങളിൽ സജീവ പങ്കുവഹിച്ച പലസ്തീൻ വിദ്യാർത്ഥിയായ മൊഹ്‌സിൻ മഹ്ദവിയെയാണ് പോലീസ് പിടികൂടിയത്.
മൊഹ്‌സിൻ മഹ്ദവി കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. 2015 മുതൽ ഇയാൾക്ക് ഗ്രീൻ കാർഡ് ഉണ്ട്. തുടർന്ന് അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ ചൊവ്വാഴ്ചയാണ് മഹ്ദവി യുഎസ് സ്റ്റേറ്റ് വെർമോണ്ട് ഇമിഗ്രേഷൻ ഓഫീസിലെത്തിയത്.
പൗരത്വ അഭിമുഖം എഴുതാൻ ഓഫീസിനുള്ളിൽ കയറിയപ്പോൾ തന്നെ സംശയം തോന്നിയ പോലീസ് ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ഇയാൾ പഠിച്ചിരുന്നത്. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷന് വേണ്ടി ശ്രമിക്കുകയാണെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം അറസ്റ്റിലായ മഹ്ദവിയുടെ അഭിഭാഷകയായ ലൂണ ഡ്രോബി, പലസ്തീനികളെ പിന്തുണച്ച് ശബ്ദം ഉയർത്തിയതിനാലാണ് യുഎസ് ഭരണകൂടം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞു. ഇത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിഭാഷക ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ കടുത്ത നടപടികൾക്കിടയിൽ മഹമൂദ് ഖലീലിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട കൊളംബിയ സർവകലാശാലയിലെ രണ്ടാമത്തെ പലസ്തീൻ വിദ്യാർത്ഥിയാണ് മൊഹ്‌സെൻ മഹ്ദവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: