കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുമെന്നുറപ്പിച്ച ടി.വി. രാജേഷിനെ വെട്ടി കെ.കെ. രാഗേഷ് ജില്ലാ സെക്രട്ടറി. പിണറായിയുടെ അനുഗ്രഹാശിസ്സോടെയാണ് രാഗേഷ് സെക്രട്ടറിയായത്. എം. പ്രകാശന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിലുള്ള ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സംസ്ഥാന സെകട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ദീര്‍ഘകാലം ദല്‍ഹിയിലുള്‍പ്പടെ പ്രവര്‍ത്തിച്ച കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പിണറായിയുടെ ജില്ലയില്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. പ്രവര്‍ത്തന മികവും സാധാരണ പ്രവര്‍ത്തകരുമായുള്ള ബന്ധവും പരിഗണിച്ച് ടി.വി. രാജേഷ് ജില്ലാ സെക്രട്ടറിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ജില്ലയില്‍ നിന്നുള്ള സംസ്ഥാന, കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെയും പിന്തുണ രാജേഷിനായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ടെത്തി കെ.കെ. രാഗേഷിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. രാഗേഷിന് താഴെതട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നറിഞ്ഞിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കുകയായിരുന്നു.
ടി.വി. രാജേഷിന് വിനയായത് പി. ജയരാജനുമായുള്ള അടുത്ത ബന്ധമാണെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുള്ള സംസാരം. പയ്യന്നൂര്‍ മേഖലയിലെ വിഭാഗീയതയും സാമ്പത്തിക ക്രമക്കേടുകളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ടി.വി. രാജേഷ് പരാജയപ്പെട്ടെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: