തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ചതോടെ വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും. 2022 ല്‍ ആരംഭിച്ചതാണ് പിഎംശ്രീ പദ്ധതി. ഇതില്‍ കേരളം അംഗമാകാതെ വന്നതോടെ സമഗ്ര ശിക്ഷാ കേരള ഫണ്ട് (എസ്എസ്കെ)യുടെ ഫണ്ടില്‍ കുറവ് വന്നിട്ടുണ്ട്. ഇനിയും പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ കൂടുതല്‍ ഗ്രാന്റുകള്‍ക്ക് സംസ്ഥാനത്തിനുള്ള അര്‍ഹത നഷ്ടമാകും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെയാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎമ്മും വെട്ടിലായത്.
പിഎം ശ്രീ പദ്ധതിയില്‍ അംഗമാകണമെന്നാണ് സിപിഎമ്മിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. ഒരു ബിആര്‍സിയിലെ രണ്ട് സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. മാത്രമല്ല പദ്ധതിയില്‍ അംഗമാകാതിരിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനുമാകും. എന്നാല്‍ ഇതിനോട് സിപിഐക്ക് വിയോജിപ്പാണ്. മന്ത്രിസഭായോഗത്തില്‍ പിഎംശ്രീ വിഷയം ഉന്നയിച്ചപ്പോഴും സിപിഐ മന്ത്രിമാര്‍ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്നാണ് സിപിഐ നിലപാട്. ദേശീയ വിദ്യാഭ്യാസ നയവുമായി കൂട്ടിക്കലര്‍ത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംം ഈ നിലപാട് കടുപ്പിച്ചത്. മറ്റ് ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നടക്കുന്നതിനാല്‍ എല്‍ഡിഎഫ് ഉടന്‍ ചേരാന്‍ സാധ്യതയില്ല. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും പിഎംശ്രീ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് സാധ്യതയില്ല.
മാര്‍ഗനിര്‍ദേശം പാലിക്കാത്തതിനാല്‍ എസ്എസ്കെയ്ക്കുള്ള 750 കോടി ലഭിച്ചിട്ടില്ല. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. അതിനുമുമ്പേ പദ്ധതിയിലേക്ക് ധാരണാപത്രം ഒപ്പുവച്ചില്ലെങ്കില്‍ ഗ്രാന്റുകള്‍ എങ്ങനെയാകുമെന്നതില്‍ വിദ്യാഭ്യാസവകുപ്പിന് ആശങ്കയുണ്ട്. തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ദേശീയ വിദ്യാഭ്യാസ നയത്തെ കേരളവും എതിര്‍ക്കുന്നത്. എന്നാല്‍ ഈ രണ്ടിടത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. മാത്രമല്ല ധനകാര്യ ചെലവും കുറവാണ്. കേരളത്തിലെ സ്ഥിതി വിപരീതവും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യമന്ദിര്‍ എന്ന് രേഖപ്പെടുത്തുന്നതിനെ തുടക്കത്തില്‍ വകുപ്പ് എതിര്‍ത്തതാണ്. ഇതുമൂലം എന്‍എച്ച്എം ഫണ്ടില്‍ കുറവുണ്ടായി. പിന്നീട് പദ്ധതിയില്‍ ചേരുകയും ചെയ്തു. സമാന അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: