കോഴിക്കോട്: പത്രപ്രവര്‍ത്തനരംഗത്തും പ്രത്യേകിച്ച് സ്പോര്‍ട്സ് വാര്‍ത്തകളിലും നിറഞ്ഞുനിന്ന കെ. അബൂബക്കറെന്ന കളിയെഴുത്തുകാരന് ആദരം.
രാഷ്ട്രീയ, മാധ്യമ, കായിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് ആദരവൊരുക്കിയത്. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറമാണ് മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കറിന് ‘അബുസാറിനൊപ്പം ഒരു സായാഹ്നം’ എന്ന ചടങ്ങ് സംഘടിപ്പിച്ചത്. സ്പോര്‍ട്സ് രംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്ത് റെയില്വെട്രാക്കും കടലോരവും ഗ്രൗണ്ടായി പരിഗണിച്ച് ഓടിയ കാലത്ത് അബുസാറടക്കമുള്ള പത്രക്കാരാണ് തനിക്ക് ഏറെ ഊര്‍ജ്ജം പകര്‍ന്നതെന്ന് പി.ടി. ഉഷ എം.പി. പറഞ്ഞു. അക്കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളില്‍ പോലും പോസിറ്റിവിറ്റി ഉണ്ടായിരുന്നു. എന്നാല്‍ പുതിയകാല മാധ്യമപ്രവര്‍ത്തകര്‍ നിസാരകാര്യങ്ങളില്‍ പോലും കഥ മെനയുകയാണ്. പഴയ പത്രപ്രവ്രര്‍ത്തകരോട് ഇന്നും സ്നേഹമുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു.
ശുപാര്‍ശകള്‍ക്ക് വഴങ്ങാത്ത മാധ്യമപ്രവര്‍ത്തകനായിരുന്നു കെ. അബൂബക്കറെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോഴിക്കോടിന്റെ മണ്ണും മനസ്സും അറിയാവുന്ന പത്രപ്രവര്‍ത്തകനാണ് അബു സാര്‍. അദ്ദേഹം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി കെ. അബൂബക്കറിന് ഉപഹാരം നല്കി. കെ. ദാമോദരന്‍ ഷാളണിയിച്ചു. കളിയില്‍ തോറ്റുപോയ താന്‍ കളിയെഴുത്തുകാരനായി മാറുകയായിരുന്നുവെന്ന് കെ. അബൂബക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പി.പി. അബൂബക്കര്‍ അധ്യക്ഷനായി. ഇ.പി. മുഹമ്മദ്, കെ.പി. സേതുമാധവന്, ഇ.ജെ. ജേക്കബ്, കെ. ഷാജേഷ്, കെ.പി. വിജയകുമാര്‍, എം. സുധീന്ദ്രകുമാര്‍, കെ.എഫ്. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: