ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി മെഹുല്‍ ചോക്സിയെ ഭാരതത്തിലെത്തിക്കാനുള്ള നടപടികള്‍ ശക്തമാക്കി. ബെല്‍ജിയം ജയിലിലുള്ള ചോക്സിയെ ഭാരതത്തിലേക്കു കൊണ്ടുവരാന്‍ ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ നടപടികളാരംഭിച്ചു. സിബിഐ, ഇഡി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഈ സംഘത്തിലുണ്ട്. ചോക്സിയെ കൈമാറുന്നതു സംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബെല്‍ജിയവുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഉന്നത ഉദ്യോഗസ്ഥരെ അയയ്ക്കുന്നത്. ഇതു സംബന്ധിച്ചു ഹരീഷ് സാല്‍വേ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നു കേന്ദ്ര ഏജന്‍സികള്‍ വിദഗ്ധോപദേശം തേടി.
ബെല്‍ജിയന്‍ പൗരയായ ഭാര്യ പ്രീതിയുടെ രേഖകള്‍ ഉപയോഗിച്ചാണ് ചോക്സി ഇവിടെ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ഈ മാസം 12നു പോലീസ് പിടിയിലായി.
ഭാരതത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചോക്സിയെ അറസ്റ്റ് ചെയ്തതായും ഇയാളെ കൈമാറണമെന്നു ഭാരതം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെല്‍ജിയം സ്ഥിരീകരിച്ചു. ഫെഡറല്‍ പബ്ലിക് സര്‍വീസ് ഓഫ് ജസ്റ്റിസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരമറിയിച്ചത്. ചോക്സി നേരിടേണ്ടി വരുന്ന നിയമ നടപടികള്‍ക്കായി അധികൃതര്‍ തയാറെടുക്കുകയാണെന്നും പ്രതിക്കു നിയമോപദേശം തേടാനുള്ള അവസരം നല്‍കുമെന്നും ബെല്‍ജിയം വ്യക്തമാക്കി. വിട്ടുതരണമെന്ന ഭാരതത്തിന്റെ അഭ്യര്ഥനയോടു ബെല്‍ജിയം അനുകൂല നിലപാടെടുത്തെന്നാണ്് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ബെല്ജിയത്തിലെത്തി ഇയാളെ ചോദ്യം ചെയ്ത ശേഷമാകും തുടര്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: