Kerala

സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെഎം എബ്രഹാം, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

, അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെ.എം എബ്രഹാം ഒരുങ്ങുന്നത്

Published by

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാന്‍ കാരണമായതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

തനിക്കെതിരെ പരാതി നല്‍കിയ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ ഗൂഢാലോചന നടത്തിയെന്നും ജോമോനൊപ്പം രണ്ടു പേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതു മേഖല സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നവരാണ് മറ്റ് രണ്ടു പേര്‍. 2015 മുതല്‍ ഗൂഢാലോചന നടത്തി. മൂന്ന് പേരും സംസാരിച്ചതിന്റ കാള്‍ റെക്കോര്‍ഡ് രേഖ കൈവശം ഉണ്ടെന്നും എബ്രഹാം പറഞ്ഞു. തന്നെ ഉന്നമിട്ടുളള നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളളതാണ്.ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് താന്‍ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം പറഞ്ഞു.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെ.എം എബ്രഹാം ഒരുങ്ങുന്നത്. ഇതിനായി അഭിഭാഷകരുമായി സംസാരിച്ചു. കോടതി തന്റെ വാദം പരിഗണിച്ചില്ലെന്ന എബ്രഹാമിന്റെ നിലപാടിനെ അനുകൂലിക്കുകയാണ് സംസ്ഥാന സര്‍ക്കാരും.

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായ പ്രധാന കാരണങ്ങളില്‍ ഒന്നാണ് കൊല്ലം കടപ്പാക്കടയിലെ വാണിജ്യസമുച്ചയം. കെട്ടിടത്തില്‍ എബ്രഹാമിനും ഉടമസ്ഥാവകാശം ഉണ്ടെന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് വഴിത്തിരിവായത്. എന്നാല്‍ സഹോദരന്‍മാര്‍ക്കൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നാണ് കെഎം എബ്രഹാം പറയുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക