തൃശൂര്‍: ബാറില്‍ വച്ച് തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാവിന് നേരെ വടിവാള്‍ വീശിയ രണ്ട് പേരെ പൊലീസ് പിടികൂടി. നാട്ടിക സ്വദേശികളായ ചുപ്പാരു എന്ന അമല്‍ (26), മിഥുന്‍ (21) എന്നിവരെയാണ് വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃപ്രയാര്‍ തളിക്കുളത്തുള്ള ബാറില്‍ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്.
വിഷു ദിവസം വൈകിട്ട് 7.30 ഓടെ നാട്ടിക സ്വദേശി വിബിന്‍ കുമാര്‍ (45) എന്നയാളെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. വിബിന്‍ കുമാറും സുഹൃത്തുക്കളും തളിക്കുളത്തുള്ള ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പുറത്തേക്ക് വരുമ്പോള്‍ അമലും മിഥുനും മറ്റ് രണ്ട് പേരും ഇറങ്ങി വരികയായിരുന്നു.ഇവരെ തുറിച്ച് നോക്കി എന്നാരോപിച്ച് വിബിന്‍ കുമാറുമായി ആദ്യം തര്‍ക്കമായി. തുടര്‍ന്ന് പിടിച്ചുതള്ളി താഴെയിടുകയും മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
അമലിനെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള രണ്ട് കേസുകളും അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസുമുണ്ട്. മിഥുനെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടിക്കേസുകളാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: