Kerala

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കും, എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കും, നിയമഭേദഗതി മുസ്ലീങ്ങള്‍ക്ക് എതിരല്ല : കിരണ്‍ റിജിജു

നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു.

Published by

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.മുനമ്പത്തെ നന്ദി മോദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒപ്പം അവിശ്രമം പോരാടും. മുനമ്പത്തേത് രാഷ്‌ട്രീയ പ്രശ്‌നം ആയല്ല ബിജെപി കാണുന്നത്. മനുഷ്യത്വ പ്രശ്‌നം ആണത്. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നാടകങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായിട്ട് ആണ് ഇവിടെ എത്തുന്നതെങ്കിലും ഈ പ്രശ്‌നം നേരിട്ട് അറിയാം. ഇപ്പോള്‍ ഇവിടെ എത്തിയത് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കാന്‍ ആണ്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന നേതാവ് ആണ് നരേന്ദ്രമോദി. രാജ്യത്ത് വിവിധ മതങ്ങള്‍ ഉണ്ട്. മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും മന്ത്രി പറഞ്ഞു.വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണം തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്.

വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തി. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

വഖഫ് ബോര്‍ഡിന് നിയന്ത്രണം ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്ന കിരാത നിയമം കേന്ദ്രം മാറ്റി എഴുതി.നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.

രാജ്യത്ത് മുനമ്പത്തേത് പോലെ പ്രശ്‌നത്തില്‍ ആയിട്ടുളള നിരവധി മനുഷ്യര്‍ ഉണ്ട്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കാന്‍ ആണ് നിയമം. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ഇതില്‍ ഞങ്ങളെ കുറ്റപ്പെടുത്തിയെന്നും കിരണ്‍ റിജിജു പറഞ്ഞു.

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍,എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by