മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളാണെന്ന് യുഎസ് കേന്ദ്രമായ ഓഡിറ്റ്, ധനകാര്യ ഉപദേശക ഏജന്‍സിയായ ഡിലോയിറ്റ്.
ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഒരേ സമയം പെട്രോൾ എഞ്ചിനിലും ഇലക്ട്രിക് എഞ്ചിനിലും പ്രവര്‍ത്തിക്കുന്നതാണ് ഇന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കാറുകള്‍. സര്‍വ്വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകളെ ഇഷ്ടപ്പെടുമ്പോള്‍ 21 ശതമാനം പേര് ഹൈബ്രിഡ് കാറുകളേയാണ് ഇഷ്ടപ്പെടുന്നത്. ഹൈബ്രിഡ് കാറുകള്‍ക്ക് ഉയര്‍ന്ന ജിഎസ് ടിയും വളരെ പരിമിതമായ മോഡലുകളും മാത്രമേ ഉള്ളൂവെങ്കിലും ആ പരിമിതികളെ സ്വീകരിച്ചുകൊണ്ടു തന്നെയാണ് 21 ശതമാനം പേരും ഹൈബ്രിഡ് വാഹനങ്ങളെ ഇഷ്ടപ്പെടുന്നത്.
ഇന്ത്യയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ച് ശതമാനം മാത്രമാണ് ജിഎസ് ടി എങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് 48 ശതമാനമാണ് ജിഎസ് ടി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 20ഓളം ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഹൈബ്രിഡ് കാറുകള്‍ നാലോ അഞ്ചോ മോഡലുകള്‍ മാത്രമേ ഉള്ളൂ. ഇലക്ട്രിക് കാറുകളേക്കാള്‍ 60 മുതല്‍ 70 ശതമാനം വരെ വിലക്കൂടുതലാണ് ഹൈബ്രിഡ് കാറുകള്‍ക്ക്. എന്നിട്ടും ഇലക്ട്രിക് കാറുകള്‍ക്ക് വിറ്റഴിക്കപ്പെടുന്ന അത്ര തന്നെ ഹൈബ്രിഡ് കാറുകളും വിറ്റഴിക്കപ്പെടുന്നു എന്നത് ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജനപ്രിയതയെ സൂചിപ്പിക്കുന്നുവെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
“ഇപ്പോഴും ഇലക്ട്രിക് കാറുകളുടെ വില്പനയ്ക്ക് പ്രതീക്ഷിച്ചത്ര വേഗതയില്ല. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിലുള്ള കാലതാമസമാണ്. രണ്ടാമത്തേത്, ആവശ്യത്തിന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ റോഡില്‍ ലഭ്യമല്ല എന്നതാണ്.” – ഡിലോയിറ്റ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് സെക്ടര്‍ ലീഡറായ രജത് മഹാജന് പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല, യുഎസിലും ജപ്പാനിലും എല്ലാം ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് കാറുകളുടെ വില്പന കുറയുകയും ഹൈബ്രിഡ് കാറുകളുടെ വില്പന കൂടുകയും ചെയ്തിട്ടുണ്ടെന്ന് ഡിലോയിറ്റ് ഇന്ത്യ ഓട്ടോമോട്ടീവ് സെക്ടര്‍ പാര്‍ട്നറായ അതുല്‍ ജയ് രാജ് പറയുന്നു.
സാധാരണ ഹൈബ്രിഡ് കാറുകളേക്കാള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് കൂടുതലായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്. ഒരു സാധാരണ ഇലക്ട്രിക്കൽ വാൾ സോക്കറ്റിൽ നിന്ന് ചാർജ് ചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് വാഹനമാണ് പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം. ഇതു പ്രകാരം ഇലക്ട്രിക് മോട്ടോറിനൊപ്പം ബാറ്ററിയും ഇതില്‍ ഉണ്ടായിരിക്കും. ഹ്രസ്വദൂരങ്ങള്ക്കായി പെട്രോളോ ഡീസലോ ഉപയോഗിക്കാനും ദീര്ഘദൂരത്തിന് ഇലക്ട്രിക് മോഡില്‍ ഓടിക്കാനും ആണ് ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകളില്‍ ജനപ്രിയമായവ മാരുതി സുസുകി ഗ്രാന്റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും ആണ്. ഇത് രണ്ടും എസ് യുവി കളാണ്. 11 ലക്ഷം മുതല്‍ 12 ലക്ഷം വരെയുള്ള വിലബ്രാക്കറ്റില് ഇവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: