വഡോദര : വൻ മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഏപ്രിൽ 12-13 തീയതികളിൽ ഗുജറാത്ത് എടിഎസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഏകദേശം 1,800 കോടി രൂപ വിലമതിക്കുന്ന 300 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.
വടക്കൻ മഹാരാഷ്‌ട്ര ദക്ഷിണ ഗുജറാത്ത് പ്രദേശത്ത് കോസ്റ്റ് ഗാർഡ് റീജിയണിന്റെ കപ്പൽ അന്താരാഷ്‌ട്ര സമുദ്ര അതിർത്തി രേഖയ്‌ക്ക് സമീപത്ത് വച്ചാണ് മയക്കുമരുന്ന് കടത്തിയ ബോട്ടിനെ കണ്ടത്. കപ്പൽ വരുന്നത് കണ്ടപ്പോൾ സംശയാസ്പദമായ ബോട്ട് കടലിലേക്ക് ധാരാളം മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്നും തിരിച്ച് പോയി.
തുടർന്ന് സംശയാസ്പദമായ ബോട്ടിനെ പിന്തുടരാനും ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ഉടൻ തന്നെ നാവിക ബോട്ടുകളെ വിന്യസിച്ചു. സംശയാസ്പദമായ ബോട്ടിനെ പിടികൂടാൻ കോസ്റ്റ് ഗാർഡ് കപ്പൽ പിന്തുടർന്നെങ്കിലും ബോട്ട് അന്താരാഷ്‌ട്ര അതിർത്തി കടന്നു.
എന്നാൽ ഉപേക്ഷിച്ച സാധനങ്ങൾ വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡിന് കഴിഞ്ഞു. തുടർന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം പോർബന്ദറിലേക്ക് കൊണ്ടുവന്നു. ഈ മയക്കുമരുന്ന് ആർക്കാണ് നൽകേണ്ടിയിരുന്നത്, ആരാണ് ഇത് കൊണ്ടുവന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കോസ്റ്റ് ഗാർഡ് എടിഎസിന് അന്വേഷണം കൈമാറി.
അതേ സമയം 300 കിലോ മയക്കുമരുന്ന് പിടികൂടിയ ഗുജറാത്ത് എടിഎസിന്റെയും കോസ്റ്റ് ഗാർഡിന്റെയും നടപടി വൻ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളിൽ ഈ നടപടി വൻ വിജയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടിക്ക് ഗുജറാത്ത് എടിഎസിനും കോസ്റ്റ് ഗാർഡിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: