ചെന്നൈ : കോളജ് വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ കോൺഗ്രസ് . മധുരയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഗവർണർ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ അതേറ്റുവിളിക്കുകയും ചെയ്തു.
ഈ ദിവസം ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന ഒരാൾക്കായി ട്രിബ്യൂറ്റ് സമർപ്പിക്കാം. ഞാൻ ആദ്യം ജയ് ശ്രീ റാം പറയും. പിന്നാലെ നിങ്ങൾ അത് പറയണം’,- എന്നാണ് ഗവർണർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. പിന്നാലെ വിദ്യാർത്ഥികൾ അത് പിന്തുടർന്നു. കോളേജിൽ നടത്തിയ പ്രസംഗത്തിൽ ഗവർണർ ആർ എൻ രവി ഡിഎംകെയേയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഗവർണറുടെ നടപടിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസ്സൻ മൗലാന രംഗത്തെത്തി . ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് ഇത് യോഗ്യമല്ലെന്ന് ഹസ്സൻ മൗലാന പറഞ്ഞു. തമിഴ്‌നാട്ടിൽ ആർഎസ്എസ് വക്താവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. പക്ഷപാതപരമായ പ്രചരണമാണ് അദ്ദേഹത്തിന്റെ നടപടികളിൽ പ്രതിഫലിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ സ്ഥാനത്തുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല,” ഹസ്സൻ മൗലാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: