തൃശൂര്: ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ പ്ലസ് ടു വിദ്യാര്ത്ഥി മരിച്ചു.
പെരുമ്പിലാവ് അംബേദ്കര് നഗര് കോട്ടപ്പുറത്ത് വിജുവിന്റെ മകന് ഗൗതം (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്ച്ചെ 12.30 ഓടെയാണ് അപകടം.
പെരുമ്പിലാവില് കോഴിക്കോട് റോഡിലുള്ള പെട്രോള് പമ്പിന് സമീപമാണ് സംഭവം. പെട്രോള് അടിക്കാനായി ബൈക്ക് പമ്പിലേക്ക് തിരിക്കുന്നതിനിടെ, പുറകില് വന്ന ലോറിയുടെ പിന്വശം ബൈക്കില് തട്ടിയാണ് അപകടമുണ്ടായത്.
അപകടത്തില് ഗൗതവും ബൈക്കില് ഒപ്പം സഞ്ചരിച്ച സഹൃത്ത് പെരുമ്പിലാവ് കണ്ണേത്ത് മനുവും (17) റോഡില് തലയിടിച്ചു വീണു. രണ്ടുപേരെയും നാട്ടുകാര് ഉടന് തന്നെ തൊട്ടടുത്ത അന്സാര് ആശുപത്രിയില് എത്തിച്ചെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മനുവിനെ തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കോക്കൂര് സ്ക്കൂള് പ്ലസ് ടു വിദ്യാര്ത്ഥിയാണ് മരിച്ച ഗൗതം. മാതാവ്: രജില. സഹോദരങ്ങള്: വൈഗ, ഭഗത്. ഇടിച്ച ശേഷം നിര്ത്താതെ പോയ ലോറി കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: