തിരുവനന്തപുരം : ദല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ചത് സുരക്ഷ കാരണത്താലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുംബയ് ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ഭാഗമായിട്ടാണ് സുരക്ഷ ക്രമീകരണം.
കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഹനുമാന്‍ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു. അതിനെ രാഷ്‌ട്രീയമായി കാണേണ്ടതില്ല. കോണ്‍ഗ്രസും സിപിഐഎമ്മും സത്യം പറയില്ലെന്നും മുതലെടുപ്പ് നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
മുനമ്പത്തെ ആളുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ ആരും ശ്രമിച്ചില്ല. എന്നാല്‍ നരേന്ദ്ര മോദി വഖഫ് നിയമം ഭേദഗതി ചെയ്ത് അവരുടെ പ്രശ്‌നം പരിഹരിച്ചു. സിപിഐഎമ്മും കോണ്‍ഗ്രസും പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നത്.
അഴിമതി കോണ്‍ഗ്രസിന്റെ കുത്തക ആയിരുന്നു. ഇവിടെ സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പൊതുമേഖല സ്ഥാപനം പണം നല്‍കിയിട്ട് മുഖ്യമന്ത്രി പറയുന്നത് ജിഎസ്ടി അടച്ചെന്നാണ് . നികുതി അടച്ചാല്‍ അഴിമതി പണം അതല്ലാതാകുമോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: