India

പശ്ചിമ ബംഗാളില്‍ വഖഫ് പ്രതിഷേധം കലാപമായി, രണ്ടു പേരെ വെട്ടിക്കൊന്നു. കേന്ദ്രസേനയെ ഇറക്കി ഹൈക്കോടതി

Published by

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപക കലാപമായി മാറിയ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ അക്രമികള്‍ രണ്ടു പേരെ വെട്ടിക്കൊന്നു. കലാപത്തെത്തുടര്‍ന്ന് ജില്ലയില്‍ കേന്ദ്ര അര്‍ദ്ധസൈനിക സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അവധി ദിനത്തില്‍ പ്രത്യേക വാദം കേട്ട ശേഷമാണ് ഉത്തരവിറക്കിയത്.
അക്രമം രൂക്ഷമായ സംസര്‍ഗഞ്ച് പ്രദേശത്തെ ജാഫ്രാബാദിലെ വീടിനുള്ളില്‍ അച്ഛനും മകനുമാണ് വെട്ടേറ്റു മരിച്ചത്. അക്രമികള്‍ വീട് കൊള്ളയടിച്ച ശേഷം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതായി കുടുംബം പറഞ്ഞു. ധുലിയാനില്‍ പൊലീസിന്‌റെ വെടിയേറ്റു ഒരാള്‍ മരിച്ചു. സംസര്‍ഗഞ്ച്, സുതി പ്രദേശങ്ങളിലാണ് വലിയ തോതിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് 118 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘പശ്ചിമ ബംഗാളില്‍ ഉടനീളം കാട്ടുതീ പോലെ പടരുന്ന വര്‍ഗീയ കലാപങ്ങള്‍ കണക്കിലെടുത്ത്, കേന്ദ്ര അര്‍ദ്ധസൈനിക സേനയുടെ ഇടപെടലിനായി അഭ്യര്‍ത്ഥിക്കണമെന്ന് സംസ്ഥാന സര്‍ക്കാരില്‍നോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അടിയന്തര വാദം കേള്‍ക്കലിനായി ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക