ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തെ തളര്‍ത്താനും പിളര്‍ത്താനും ശ്രമിച്ചവരെല്ലാം തോറ്റു മടങ്ങിയിട്ടേയുള്ളൂവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി, എസ്എന്‍ട്രസ്റ്റ് നേതൃത്വത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വീകരിക്കുന്ന മഹാസമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റേയും, കണിച്ചുകുളങ്ങര ഭഗവതിയുടേയും അനുഗ്രഹം നിര്‍ലോഭമുള്ളതിനാല്‍ ഇത്തരം തന്ത്രങ്ങളെ പണ്ടും ഭയന്നിട്ടില്ല.
ശ്രീനാരായണ ഗുരുദേവന്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ച പ്രസ്ഥാനമാണിത്. ആരു വിചാരിച്ചാലും അതിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ സാധിക്കില്ല. ഭീഷണികള്‍ക്കും കള്ളക്കേസുകള്‍ക്കും മുമ്പില്‍ തോറ്റുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിനും പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരത്തിനും, ആദരവിനും പിന്നില്‍ ഒട്ടേറെപ്പേരുടെ വിയര്‍പ്പുണ്ട്. അതിന് നേതൃത്വം കൊടുക്കാനായതില്‍ അഭിമാനവുമുണ്ട്. പാവപ്പെട്ട സാധാരണക്കാരായവരുടെ വീടുകളിലേക്കും ജീവിതത്തിലേക്കും എസ്എന്‍ഡിപി യോഗത്തെ എത്തിക്കാനായി എന്നതാണ് വിജയമായി കാണുന്നത്. എതിര്‍പ്പുകളേയും വെല്ലുവിളികളേയും അവസരങ്ങളായി കണ്ടും പോരാടിയുമാണ് ഇതുവരെ എത്തിയത്.
യോഗത്തിന്റെ സാരഥ്യത്തിലേക്ക് അപ്രതീക്ഷിതമായാണ് വന്നുപെട്ടത്. ഇത്രയും കാലം ഈ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത് ഗുരുദേവ നിയോഗമായിരിക്കാം. മൂന്ന് പതിറ്റാണ്ട് നീണ്ട നിരന്തര പോരാട്ടത്തില്‍ എന്നും സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു. 88-ാം വയസിലും കര്‍മ്മനിരതനായി തുടരാനാകുന്നത് കുടുംബ യൂണിറ്റുകളും ശാഖാതലങ്ങളിലും മുതലുള്ള അസംഖ്യം പ്രവര്‍ത്തകരുടെ സ്നേഹവും പ്രാര്‍ത്ഥനയും കൊണ്ടാണ്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഹൃദയംതൊട്ട് നന്ദി പറയുന്നു. വെള്ളാപ്പള്ളി പറഞ്ഞു. എളിയ ധര്‍മഭടനായി, അര്‍പ്പണ മനോഭാവത്തോടെ, സമുദായാംഗങ്ങളും ആരോഗ്യവും അനുവദിക്കുന്ന കാലം നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി.
മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. നടരാജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.ഡി. ഗഗാറിന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: