തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ആശാപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സമരത്തെ പിന്തുണക്കുന്ന വിവിധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം പൗരസാഗരത്തിന്റെ ഭാഗമാകും. പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കും.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്കുക തുടങ്ങി ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ലജ്ജാകരമായ ഓണറേറിയത്തിന് പകരം മാന്യമായ വേതനം നല്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കേരള മനസ്സാക്ഷി ഒന്നാകെ ആവശ്യപ്പെടുകയാണ്.
നിരവധി സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളും സംഘടനകളും ഈ ആവശ്യം സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. പലതവണ ചര്‍ച്ച നടത്തിയിട്ടും സമരസമിതി വിട്ടുവീഴ്ചക്ക് തയാറായിട്ടും സര്‍ക്കാര്‍ കടുംപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക നേതാക്കള്‍ സമരത്തെ പിന്തുണച്ച് പൗരസാഗരം സംഘടിപ്പിക്കുന്നത്.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മ്മിള, ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി, വിഷ്ണു ഗോവിന്ദ്, ചിന്നു ചാന്ദ്‌നി, രാഷ്‌ട്രീയ നിരീക്ഷകന്‍ എന്‍.എം. പിയേഴ്‌സണ്‍, എഴുത്തുകാരായ ഐ. ഷണ്മുഖദാസ്, ഉണ്ണി ആര്‍. തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ചലച്ചിത്ര താരങ്ങളായ പാര്‍വ്വതി തെരുവോത്ത്, റിമ കല്ലിംഗല്‍ തുടങ്ങിയവര്‍ പൗരസാഗരത്തിന്റെ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചു.
വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ പൗരസാഗരത്തില്‍ പങ്കാളികളാകും. സാഹിത്യകാരി സാറ ജോസഫ് തൃശൂരിലെ സ്വവസതിയില്‍ നിന്ന് തല്‍സമയം പങ്കെടുക്കും. ഇ.വി. പ്രകാശ് രചന നിര്‍വഹിച്ച്, അനന്തഗോപാല്‍ ആലപിച്ച പൗരസാഗരം തീം സോങ് സമരവേദിയില്‍ റിലീസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: