കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വിചാരണ കോടതി അംഗീകരിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത തുടങ്ങി 13 പേര്‍ക്കെതിരായ കുറ്റപത്രമാണ് വിചാരണ കോടതി അംഗീകരിച്ചത്.
പ്രതികള്‍ക്ക് സമന്‍സ് അയച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കമ്പനി ചട്ടത്തിന്റെ പരിധിയില്‍ വരുന്ന കേസായതിനാല്‍ നേരിട്ട് സമന്‍സ് അയക്കാം.
എസ്എഫ്ഐഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എക്സാലോജിക് കമ്പനി ഉടമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികളാണ്.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്.കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്സ ഇന്ത്യ, എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ട്. വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്കിയ വിചാരണ അനുമതി പ്രകാരമാണ് എസ്എഫ്ഐഒ നടപടി. സേവനം നല്‍കാതെ സി എം ആര് എല്‍ കമ്പനിയില്‍ നിന്ന് വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി 2.7 കോടി രൂപ കൈപ്പറ്റി, രാഷ്ട്രീയനേതാക്കള്‍ക്കു സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്കി, കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് നല്കി, സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി എന്നിവയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: