മുംബൈ: പുതിയ പണനയംപ്രഖ്യാപിച്ചപ്പോള്‍ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച റിസര്‍വ്വ് ബാങ്കിന്റെ നടപടി ഇന്ത്യയ്ക്ക് ആശ്വാസമായെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. യുഎസ് വ്യാപാരച്ചുങ്കം ഉയര്‍ത്തിയ നടപടി മൂലം ലോകമാകെ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനിടയില്‍ റിസര്‍വ്വ് ബാങ്കിന്റെ ഈ നടപടി ഉചിതമായെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം. ഇന്തോ-യുകെ സാമ്പത്തിക-ധനകാര്യ സംഭാഷണങ്ങളുടെ ഭാഗമായാണ് നിര്‍മ്മല സീതാരാമന് യുകെയില്‍ എത്തിയത്.
റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കിലെ വായ്പാപലിശ നിരക്ക് കുറയുന്നതോടെ പണലഭ്യത കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്ഥിരനിക്ഷേപം ആകര്‍ഷകമല്ലാതാകുമ്പോള്‍ ആ തുക കൂടി ബിസിനസ് രംഗത്തേക്കും മറ്റും എത്തുന്നതോടെ സാമ്പത്തിക രംഗം സജീവമാകുമെന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ കണക്കുകൂട്ടലിന് പിന്നില്‍. 6.25 ശതമാനമായിരുന്നു റിസര്‍വ്വ് ബാങ്ക് സാധാരണ ബാങ്കുകള്‍ക്ക് വായ്പനല്കിയിരുന്നതിന് ഈടാക്കിയിരുന്നു പലിശ നിരക്ക്. 9നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഈ പലിശനിരക്ക് 6 ശതമാനമാക്കി കുറച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ ബാങ്കുകള്‍ ബിസിനസുകാര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും നല്കുന്ന വായ്പയുടെ പലിശ നിരക്കും കുറയും. ഇത് സമ്പദ്ഘടനയിലേക്ക് കൂടുതല്‍ പണമെത്താന്‍ സഹായിക്കും. പണത്തിന്റെ ചംക്രമണം വര്‍ധിക്കുന്നതോടെ സമ്പദ്ഘടന കൂടുതല്‍ ശക്തിപ്പെടും.
“യുഎസ് മറ്റ് രാജ്യങ്ങളുടെ മേലുള്ള വ്യാപാരച്ചുങ്കം വര്‍ധിപ്പിച്ചതോടെ ഉളവായ സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യയ്ക്ക് മറികടക്കാനാകും. കാരണം ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം സജീവമാണെന്നതിനാല്‍ ഇന്ത്യയുടെ സമ്പദ് ഘടന അടിസ്ഥാനപരമായി സുശക്തമാണ്.” – നിര്‍മ്മല സീതാരാമന് പറഞ്ഞു.
“റിസര്‍വ്വ് ബാങ്കിന്റെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള നടപടി ഞാന്‍ സ്വാഗതം ചെയ്യുന്നു. അതില്‍ ഞാന്‍ അതീവസന്തുഷ്ടയാണ്. കാരണം സാമ്പത്തിക വളര്‍ച്ചയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പകള്‍ക്ക് 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ചത് (0.25 ശതമാനം) ബാങ്കുകളിലെ വായ്പാ പലിശനിരക്ക് കുറയ്ക്കും.” – നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
“രണ്ട് മാസം മുന്‍പ് പലിശനിരക്ക് കുറച്ചതിന് പിന്നാലെയാണ് വീണ്ടും റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. ഇനിയും ഭാവിയില്‍ പലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്നാണ് സൂചനകള്‍. ഇത് യുഎസ് വ്യാപരച്ചുങ്കം കൂട്ടിയതിനെതുടര്ന്നുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സഹായിക്കും”.- നിര്‍മ്മല സീതാരാമന് പറയുന്നു.
ആഗോള തലത്തില്‍ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ധനകാര്യമന്ത്രാലയത്തില്‍ നിന്നും ഉള്ള ഓരോ ആശ്വാസവും ഉറ്റുനോക്കുകയാണ് ഇന്ത്യയുടെ സമ്പദ് ഘടന. കഴിഞ്ഞ കുറെ നാളായി ധനമന്ത്രാലയം ബജറ്റിലൂടെയും നയപ്രഖ്യാപനങ്ങളിലൂടെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉതകുന്ന പല സഹായങ്ങളും ചെയ്തിരുന്നു. അതിനിടെ ഇങ്ങിനെ പലിശനിരക്ക് കുറച്ചുകൊണ്ടുള്ള കേന്ദ്രബാങ്കിന്റെ നടപടിയും ആശ്വാസമാണ്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
യുഎസ് ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യയുടെ ഉല്പന്നങ്ങളിന്മേല് കെട്ടിവെച്ചിട്ടുണ്ടെങ്കിലും യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഭാവിയില്‍ ഇന്ത്യയ്ക്കും യുഎസിനും ഗുണകരമായ രീതിയിലുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിര്‍മ്മല സീതാരാമന് പറയുന്നു. ഇന്ത്യയുടെ ആഭ്യന്തരഉപഭോഗം വര്‍ധിക്കുന്നതോടൊപ്പം കുതിച്ചുയരുന്ന ഇടത്തരക്കാരുടെ ഉയര്‍ന്ന വാങ്ങല്‍ശേഷിയും ഇന്ത്യയുടെ പ്രതീക്ഷയായി തുടരുന്നുണ്ടെന്നും നിര്മ്മലസീതാരാമന് പറഞ്ഞു.
ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് ലോകബാങ്കും ഐഎംഎഫും ഈയിടെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ സാമ്പത്തിക സുസ്ഥിരതയിലൂടെ കടന്നുപോകുമെന്നും വിവിധ ആഗോള ധനകാര്യസ്ഥാപനങ്ങള്‍ പ്രവചിക്കുന്നു. ആഭ്യന്തര ഉപഭോഗം കൂടുന്നതിനാലും ആഭ്യന്തര ഉല്പാദനം വര്‍ധിക്കുന്നതിനാലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതമായിരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: