ജമ്മു : പാക് അധിനിവേശ ജമ്മു കശ്മീർ ഇന്ത്യയുടേതാണെന്ന് ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബലൂചിസ്ഥാനിലെ വിഘടനവാദവും സ്വന്തം രാജ്യത്ത് അരങ്ങ് വാഴുന്ന തീവ്രവാദവും കൈകാര്യം ചെയ്യാൻ പാകിസ്ഥാന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ന്യൂദൽഹിയിൽ ഒരു ദേശീയ വാർത്താ ചാനലിന്റെ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
പാക് സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അവകാശവാദമല്ലെന്നും ചരിത്രപരമായ രേഖകളും തെളിവുകളും പിന്തുണയ്‌ക്കുന്ന ഉറച്ച വിശ്വാസമാണെന്നും ഷാ പറഞ്ഞു. പാക് സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്നും തങ്ങളുടെ നിയമപരമായ കേസും ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ പാക് സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വീണ്ടും സ്ഥിരീകരിക്കുന്ന ഒരു പ്രമേയം 1994 ൽ ഇന്ത്യൻ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ കാര്യവും അദ്ദേഹം പരാമർശിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ അസ്വസ്ഥതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പാകിസ്ഥാന് അവിടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ബലൂചിസ്ഥാനിൽ മാത്രമല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പാകിസ്ഥാൻ വർദ്ധിച്ചുവരുന്ന അസ്വസ്ഥതയും തീവ്രവാദവും നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ആദ്യം അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തണമെന്ന് ഷാ പറഞ്ഞു.
പതിറ്റാണ്ടുകളായി ബലൂചിസ്ഥാനിൽ വിഘടനവാദ കലാപം നടക്കുകയാണ്. പാകിസ്ഥാൻ ഭരണകൂടം ഈ പ്രവിശ്യയിലെ വിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നും ബലൂച് നിവാസികൾക്ക് യാതൊരു ആനുകൂല്യങ്ങളും നൽകിയില്ലെന്ന് ആരോപിച്ചുമാണ് തീവ്രവാദികൾ ഇവിടെ ആക്രമണം നടത്തുന്നതെന്ന് അദേഹം പറഞ്ഞു.
എന്നാൽ ഇന്ത്യ ബലൂചിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുന്നില്ല. അതേ സമയം പാകിസ്ഥാനിലെ ചില പ്രവിശ്യകളിൽ സർക്കാർ പ്രവർത്തിക്കുന്ന രീതിയിൽ അവിടുത്തെ ജനങ്ങൾ അതൃപ്തരാണെന്നും ഷാ പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്കുള്ള തന്റെ സമീപകാല സന്ദർശനത്തെ പരാമർശിച്ചുകൊണ്ട് ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വവുമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷാ പറഞ്ഞു. കേന്ദ്രം എപ്പോഴും പ്രാദേശിക സർക്കാരുകളെ ഒരു പക്ഷപാതവുമില്ലാതെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 6 മുതൽ 8 വരെ ജമ്മു കശ്മീർ സന്ദർശിച്ച ഷാ, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സുരക്ഷാ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി സുരക്ഷാ, വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗങ്ങൾ നടത്തിയിരുന്നു. കൂടാതെ ദേശീയ സുരക്ഷ കേന്ദ്ര സർക്കാരിന്റെ മുൻഗണനയാണെന്ന് ഉറപ്പിച്ച ആഭ്യന്തര മന്ത്രി വിഘടനവാദത്തിനെതിരെയുള്ള സർക്കാരിന്റെ നിലപാട് വളരെ ഉറച്ചതാണെന്ന് പറഞ്ഞു.
ഇതിനു പുറമെ ജമ്മു കശ്മീരിൽ ഭീകരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയ ആഭ്യന്തര മന്ത്രി ഇത് ചെയ്യാൻ ശ്രമിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും കൂടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: