കോട്ടയം: ‘അയാള്‍ നിയമം കൈയ്യിലെടുത്തതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം…പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നായകനാണ്..’
മകളെ മാനഭംഗപ്പെടുത്തി കൊന്നയാളെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ എന്ന പിതാവിനെ വൈരം എന്ന ചലച്ചിത്രത്തിലൂടെ അഭ്രപാളികളില്‍ എത്തിച്ച എം എ നിഷാദ് എന്ന സംവിധായകന്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. ശങ്കരനാരായണന്‍ കഴിഞ്ഞ ദിവസം നിര്യാതനായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിഷാദ് ഇട്ട കുറിപ്പ് ഹൃദയസ്പര്‍ശിയാണ്. പ്രസക്ത ഭാഗങ്ങള്‍:
‘എങ്ങനെ എഴുതണം ഈ ചരമ കുറിപ്പെന്നെനിക്കറിയില്ല… വിങ്ങുന്ന മനസ്സുമായി ഞാന്‍ കുറിക്കട്ടെ… കൃഷ്ണപ്രിയ എന്ന പൊന്ന് മകള്‍ എന്നും ഒരു നീറുന്ന ഓര്‍മ്മയാണ് എനിക്ക്…അപ്പോള്‍ ശങ്കരനാരായണന്‍ എന്ന ആ അച്ഛനോ,? അതാണ്, എന്റെ സിനിമ: ‘വൈരം’.
പെണ്‍മക്കളുളള ആയിരമായിരം മാതാപിതാക്കള്‍ക്കുളള സന്ദേശമായിരുന്നു
എന്റെ ‘വൈരം’. ഇന്നും ഈ ചിത്രം എന്ററെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നു. കഥാപാത്രങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വൈരം ഞങ്ങള്‍, അണിയിച്ചൊരുക്കിയത്. എന്റെ ,കഥക്ക് തിരക്കഥയൊരുക്കിയത് ചെറിയാന്‍ കല്പകവാടിയായിരുന്നു. ശങ്കരനാരായണന്‍ എന്ന ശിവരാജനിലേക്കുളള പശുപതി എന്ന നടന്റെ പകര്‍ന്നാട്ടം പ്രേക്ഷകരിലേക്കെത്തിയത്, ആത്മസംതൃപ്തിയോടെയാണ് നോക്കി നിന്നത്. തിലകന്‍ ചേട്ടനും ലളിത ചേച്ചിയും, സുരേഷ് ഗോപിയും, മുകേഷും, ജയസൂര്യയും, അശോകനുമെല്ലാം സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
‘വൈരം’ ഇറങ്ങിയ ശേഷം, എന്നെ കാണണമെന്ന്
മാധ്യമ സുഹൃത്ത്, കെ വി അനിലിനോട് ശങ്കരനാരായണന്‍ ചേട്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് ഞാനും പശുപതിയും മഞ്ചേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
എന്നെ,കണ്ടപ്പോള്‍, അദ്ദേഹം എന്റെ ഇരു കരങ്ങളും ചേര്‍ത്ത് മുറുകെ പിടിച്ച്് കുറേ നേരം നോക്കി നിന്നു…ആ കൈകളിലെ നനവും, ഈറനണിഞ്ഞ കണ്ണുകളും, ഇന്നും, എന്റെ ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്…
അയാള്‍ നിയമം കൈയ്യിലെടുത്തതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം…പക്ഷെ, എന്നെ
സംബന്ധിച്ചിടത്തോളം,അദ്ദേഹം, ഒരു നായകനാണ്..’
പ്രതികരിക്കാൻ ഇവിടെ എഴുതുക: