Sports

മാഗ്നസ് കാള്‍സനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി നോക്കൗട്ട് റൗണ്ടില്‍; ഗുകേഷും പ്രജ്ഞാനന്ദയും വിദിത് ഗുജറാത്തിയും പുറത്ത്

മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി പാരിസ് ഫ്രീസ്റ്റൈല്‍ ചെസില്‍ ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഹികാരു നകാമുറയുമായുള്ള ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്.

Published by

പാരിസ് : മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി പാരിസ് ഫ്രീസ്റ്റൈല്‍ ചെസില്‍ ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഹികാരു നകാമുറയുമായുള്ള ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്.

ഈ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ആദ്യറൗണ്ടില്‍ മത്സരിച്ച പ്രജ്ഞാനന്ദ, ലോകചാമ്പ്യന്‍ ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരെല്ലാം നോക്കൗട്ട് റൗണ്ടായ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനാകാതെ തോറ്റുപുറത്തായി. പ്രജ്ഞാനന്ദയ്‌ക്ക് ഒമ്പതാം സ്ഥാനം ഉണ്ടായിരുന്നെങ്കിലും എട്ട് പേര്‍ക്ക് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോകാനാകൂ എന്നതിനാല്‍ പുറത്തുപോകേണ്ടിവന്നു.

പാരിസ് ഫ്രീസ്റ്റൈസില്‍ അപാരഫോമിലാണ് ലോക നാലാം നമ്പര്‍ താരം കൂടിയായ അര്‍ജുന്‍ എരിഗെയ്സി. മാഗ്നസ് കാള്‍സനെ അനായാസമാണ് കീഴടക്കിയത്. ലോംഗ് കാസില്‍ ചെയ്ത മാഗ്നസ് കാള്‍സന്റെ ചില കരുക്കള്‍ അര്‍ജുന്‍ എരിഗെയ്സി വെട്ടിമാറ്റിയതോടെ പിന്നീട് കാള്‍സന് തിരിച്ചവരാനായില്ല. പക്ഷെ മറ്റുകളിക്കാരുമായി അടുത്ത നാല് റൗണ്ടുകള്‍ ജയിച്ച മാഗ്നസ് കാള്‍സന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ബുധനാഴ്ച ക്വാര്‍ട്ടറില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച് സെമിയില്‍ കടന്നു.

അര്‍ജുന്‍ എരിഗെയ്സിയും ഹികാരു നകാമുറയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജുന്‍ എരിഗെയ്സിക്കാണ് മുന്‍തൂക്കമുള്ളതെന്ന് പറയപ്പെടുന്നു. ആദ്യ കളി സമനിലയിലായതിനെതുടര്‍ന്ന് വിജയിയെ കണ്ടെത്താന്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ മാക്സിം വാചിയര്‍ ലെഗ്രാവും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരവും വിന്‍സെന്‍റ് കെയ്മറും നെപോമ്നിഷിയും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by