India

സ്വര്‍ണ്ണപ്പണയവായ്പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

സ്വര്‍ണ്ണപ്പണയവായ്പ അതിവേഗം കുതിച്ചുവളരുന്നതിനാല്‍ അതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രസ്താവന കേരളത്തിലെ സ്വര്‍ണ്ണപ്പണയക്കമ്പനികളുടെ ഓഹരികള്‍ക്ക് ബുധനാഴ്ച തിരിച്ചടിയായി. മണപ്പുറം ഫിനാന്‍സിന്‍റെ ഓഹരി വില 2.8 ശതമാനം ഇടിഞ്ഞപ്പോള്‍ മുത്തൂറ്റിന്‍റെ ഓഹരി വില 10. 2ശതമാനത്തോളമാണ് ഇടിഞ്ഞത്.

Published by

മുംബൈ: സ്വര്‍ണ്ണപ്പണയവായ്പ അതിവേഗം കുതിച്ചുവളരുന്നതിനാല്‍ അതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രസ്താവന കേരളത്തിലെ സ്വര്‍ണ്ണപ്പണയക്കമ്പനികളുടെ ഓഹരികള്‍ക്ക് ബുധനാഴ്ച തിരിച്ചടിയായി. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2.8 ശതമാനം ഇടിഞ്ഞപ്പോള്‍ മുത്തൂറ്റിന്റെ ഓഹരി വില 10. 2ശതമാനത്തോളമാണ് ഇടിഞ്ഞത്.

റിസര്‍വ്വ് ബാങ്ക് പുതിയ പണനയം ബുധനാഴ്ച പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വര്‍ണ്ണപ്പണയവായ്പയ്‌ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രസ്താവിച്ചത്. ഇതിന് കാരണമുണ്ട്. സ്വര്‍ണ്ണപ്പണയവായ്പ അതിവേഗം കുതിച്ചുയരുകയാണ്. ഇതില്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. പലപ്പോഴും സ്വര്‍ണ്ണപ്പണയ വായ്പ അനുവദിക്കുന്ന ബാങ്കിംഗ് ഇതരസ്ഥാപനങ്ങളും ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതായി പലപ്പോഴായി ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഈ ആശങ്കകളെയെല്ലാം ബാങ്കിംഗ് ഇതരസ്ഥാപനങ്ങളും ബാങ്കുകളും കണ്ടില്ലെന്ന് നടക്കുകയായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്ക് തന്നെ ഭീഷണിയാണെന്ന് മുന്‍ റിസര്‍വ്വ് ഗവര്‍ണര്‍ ശക്തികാന്ത ദാസും സൂചിപ്പിച്ചിട്ടുള്ളതാണ്. സ്വര്‍ണ്ണം ഈടുവെച്ച് വായ്പ നല്‍കുമ്പോള്‍ ലോണ്‍ ടു വാല്യു (സ്വര്‍ണ്ണത്തിന്റെ മൂല്യത്തിനനുസരിച്ച് മാത്രം വായ്പ), റിസ്ക് വെയ്റ്റ് എന്നിങ്ങനെയുള്ള ചട്ടങ്ങളില്‍ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പണയം വെയ്‌ക്കപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥന്‍ ആരാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വര്‍ണ്ണപ്പണയ വായ്പാകമ്പനി അന്വേഷിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. അതുപോലെ സ്വര്‍ണ്ണവായ്പയെടുത്ത പണം എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യവും സ്വര്‍ണ്ണപ്പണയ വായ്പാകമ്പനി നിരീക്ഷിക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്നു. സ്വര്‍ണ്ണം പണയം വെച്ച് നേടുന്ന തുക ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് വരെ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ട്.

പ്രത്യേകിച്ചും ഈടൊന്നും വാങ്ങാതെ വന്‍തോതില്‍ വ്യക്തിഗത വായ്പകള്‍ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സുരക്ഷിതമല്ലാത്ത വായ്പകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിനും സാമ്പത്തിക സുസ്ഥിരതയ്‌ക്കും ഭീഷണിയാണ്.

എന്തായാലും ഈ രംഗം ഒരല്പം തണുപ്പിക്കാന്‍ തന്നെയാണ് റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഈ വിലയിരുത്തലാണ് കേരളത്തിലെ സ്വര്‍ണ്ണവായ്പകമ്പനികളുടെ ഓഹരിവിലയ്‌ക്ക് തിരിച്ചടിയായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക