ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ‘അതിര്‍ത്തിയില്‍’ മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയുടെ കര അതിര്‍ത്തിവഴി വിദേശരാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മ്യാന്മാര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിനാണ് ഇന്ത്യ അനുമതി റദ്ദാക്കിയത്. ബംഗ്ലാദേശിലെ കയറ്റുമതി മേഖലയ്‌ക്ക് കനത്ത പ്രഹരമായി തീരുമാനം മാറി.
ബംഗ്ലാദേശില്‍ നിന്നുള്ള കയറ്റുമതിക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും റോഡുകളും അനുവദിച്ചുകൊണ്ട് പ്രത്യേക സൗകര്യങ്ങള്‍ 2020ല്‍ ബംഗ്ലാദേശിന് നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ബംഗ്ലാദേശ് വികസനത്തിനായി ഇന്ത്യ ഈ സൗകര്യം ചെയ്തത്. ഷെയ്ഖ് ഹസീന സര്‍ക്കാരും മോദി സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഈ കരാറാണ് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് ഏപ്രില്‍ 8ന് റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയ്്ക്കകത്ത് പ്രവേശിച്ച ചരക്കുകള്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കും.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമുദ്രവുമായി ബന്ധമില്ലെന്നോര്‍ക്കണമെന്ന ബംഗ്ലാദേശ് ഭരണത്തലവന്‍ മുഹമ്മദ് യൂനുസിന്റെ ചൈനീസ് സന്ദര്‍ശന വേളയിലെ വിവാദ പരാമര്‍ശത്തിനെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് ഇന്ത്യ. ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയ്‌ക്കുള്ളതെന്ന് ഓര്‍ക്കണമെന്നും ബിംസ്റ്റക്ക് രാജ്യങ്ങളുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല മാറുകയാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് നല്‍കിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: